ജോലിക്കു പകരം ഭൂമി അഴിമതി കേസ്: ലാലു പ്രസാദ് യാദവ് ഉൾപ്പെടെ 78 പേർക്കെതിരെ സിബിഐ കുറ്റപത്രം

ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഉൾപ്പെടെ 78 പേർക്കെതിരെ സിബിഐ അന്തിമ കുറ്റപത്രം സമർപ്പിച്ചു. ലാലുവിന്റെ പത്‌നി റാബ്‌റി ദേവി, മകനും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവരും കേസിൽ പ്രതികളാണ്. ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി പരിഗണിക്കുന്ന കേസിൽ 38 ഉദ്യോഗാർഥികളും പ്രതിപ്പട്ടികയിലുണ്ട്. ജൂലൈ ആറിനു കോടതി കുറ്റപത്രം പരിഗണിക്കും.

അന്തിമ കുറ്റപത്രം വൈകുന്നതിൽ കഴിഞ്ഞ 29നു സിബിഐയെ കോടതി അതൃപ്തി അറിയിച്ചിരുന്നു. ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു കോഴയായി ഉദ്യോഗാർഥികളിൽനിന്നു ഭൂമി തുച്ഛ വിലയ്ക്കു കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ എഴുതി വാങ്ങിയെന്നാണു കേസ്. പരസ്യങ്ങളോ വിജ്ഞാപനങ്ങളോ ഇല്ലാതെ രഹസ്യമായാണു നിയമനങ്ങൾ നടത്തിയതെന്നും സിബിഐ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *