‘മോദി തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു’: സുരേഷ് ഗോപി ഡൽഹിയിലേക്ക്

സുരേഷ്ഗോപിയോട് ഉടൻ ഡൽഹിയിലെത്താൻ മോദിയുടെ കർശന നിർദേശം. ഇതോടെ അദ്ദേഹം കേന്ദ്രമന്ത്രിയായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏറക്കുറെ വ്യക്തമായിരിക്കുകയാണ്. തിരുവനന്തപുരത്തുനിന്ന് സുരേഷ്ഗോപി ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ‘അദ്ദേഹം തീരുമാനിച്ചു. ഞാൻ അനുസരിക്കുന്നു’. ഉച്ചയ്ക്ക് 2.30ന് വീട്ടിലെത്തണമെന്നാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നതെന്നും വിമാനത്താവളത്തിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങവെ അദ്ദേഹം മാധ്യപ്രവർത്തകരോട് പറഞ്ഞു.

ബംഗളൂരുവിലെത്തി അവിടെനിന്ന് ചാർട്ടേഡ് വിമാനത്തിലാണ് സുരേഷ്ഗോപിയുടെ ഡൽഹിയാത്ര. ക്യാബിനറ്റ് മന്ത്രിയാക്കിക്കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് അദ്ദേഹത്തിന് നേരിട്ട് ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

നേരത്തേ, കേന്ദ്രമന്ത്രിസഭയിലേക്ക് സുരേഷ് ഗോപി ഉടനില്ലെന്ന തരത്തിൽ വാർത്ത പുറത്തുവന്നിരുന്നു. കരാർ ഉറപ്പിച്ച സിനിമകൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ തൽക്കാലം മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു സുരേഷ്ഗോപി. എന്നാൽ മന്ത്രിയായാലേ പറ്റൂ എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. കേരളത്തിൽ നിന്നുള്ള ആദ്യ തിരഞ്ഞെടുക്കപ്പെട്ട എംപി എന്നനിലയിൽ അദ്ദേഹത്തിന് ക്യാബിനറ്റ് പദവി തന്നെ നൽകണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ തന്നെ ഒഴിവാക്കണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം. അവസാനം മോദി നേരിട്ട് വിളിച്ചതോടെ മന്ത്രിയാവാൻ സുരേഷ് ഗോപി തയ്യാറാവുകയായിരുന്നു എന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *