മന്ത്രി ആർ ബിന്ദുവും എംഎൽഎയും ചടങ്ങിൽ വൈകിയെത്തി; വേദിയിൽ വിമർശിച്ച് കെ ആർ മീര

തൃശൂരിൽ പുരസ്‌കാരദാനച്ചടങ്ങിൽ വൈകിയെത്തിയ മന്ത്രിയെയും എംഎൽഎയും വിമർശിച്ച് എഴുത്തുകാരി കെ ആർ മീര. പുന്നയൂർക്കുളത്ത് നടന്ന പരിപാടിയിലാണ് ഇരുവർക്കുമെതിരെ കെ ആർ മീര പ്രതികരിച്ചത്. പുന്നയൂർക്കുളം സാഹിത്യവേദിയുടെ പ്രഥമ മാധവിക്കുട്ടി പുരസ്‌കാരം മീരയ്ക്ക് സമ്മാനിക്കുന്നതായിരുന്നു വേദി. ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ ആർ ബിന്ദുവും എൻ കെ അക്ബർ എം എൽ എയുമായിരുന്നു ചടങ്ങിലെ അതിഥികൾ.

വൈകിട്ട് അഞ്ചിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന പരിപാടി ആരംഭിച്ചത് 5.30നായിരുന്നു. മന്ത്രിയും എം എൽ എയും എത്തിയത് 6.45നും. മന്ത്രി ആർ ബിന്ദു പ്രസംഗിച്ചതിനുശേഷമായിരുന്നു മീര സംസാരിച്ചത്.’ആൺകോയ്മ ഇന്നും നിലനിൽക്കുന്നുണ്ട്. ഞാൻ എഴുത്തുകാരി ആയതുകൊണ്ടാണ് മന്ത്രിയും എം എൽ എയുമൊക്കെ ഏറെ വൈകിയത്. പുരുഷ എഴുത്തുകാരനുള്ള അവാർഡ് സമർപ്പണച്ചടങ്ങ് ആയിരുന്നുവെങ്കിൽ ഈ വൈകൽ സംഭവിക്കില്ലായിരുന്നു’- പ്രസംഗത്തിനിടെ മീര പറഞ്ഞു.

പുരസ്‌കാരം സ്വീകരിക്കാൻ മീര കോട്ടയത്ത് നിന്ന് എത്തിയതായിരുന്നു. മീരയുടെ പ്രസംഗത്തിനുശേഷമായിരുന്നു എൻ കെ അക്ബർ എം എൽ എ സംസാരിച്ചത്. എന്നാൽ മീരയുടെ വാക്കുകളോട് മന്ത്രിയും എം എൽ എയും പ്രതികരിച്ചില്ല. സാഹിത്യസമിതി പ്രസിഡന്റ് കെ ബി സുകുമാരനായിരുന്നു ചടങ്ങിന്റെ അദ്ധ്യക്ഷൻ.

Leave a Reply

Your email address will not be published. Required fields are marked *