‘ഭരതനാട്യത്തിൽ രണ്ടാം റാങ്ക്’; സന്തോഷം പങ്കുവെച്ച് ആർഎൽവി രാമകൃഷ്ണൻ

എം എ ഭരതനാട്യത്തിൽ രണ്ടാം റാങ്ക് നേടിയ സന്തോഷം പങ്കുവെച്ച് ആർഎൽവി രാമകൃഷ്ണൻ. വലിയ മാനസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തിൽ ഡബിൾ എംഎക്കാരനായെന്നും ആർഎൽവി രാമകൃഷ്ണൻ ഫേസ് ബുക്കിൽ കുറിച്ചു.

“ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കട്ടെ! കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കാലടി സംസ്കൃത സർവ്വകലാശാലയിൽ എം.എ ഭരതനാട്യം ഫുൾ ടൈം വിദ്യാർത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസൾട്ട് വന്നു. എം.എ ഭരതനാട്യം രണ്ടാം റാങ്കിന് അർഹനായ വിവരം എന്‍റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു. കഴിഞ്ഞ മാസം ഉണ്ടായ പ്രശ്നങ്ങൾക്കിടയിലായിരുന്നു പരീക്ഷ. അതുകൊണ്ടുതന്നെ വലിയ മാനസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തിൽ ഡബിൾ എംഎക്കാരനായി”- എന്നാണ് ആർ എൽ വി രാമകൃഷ്ണൻ കുറിച്ചത്.

അതിനിടെ ആർ എൽ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയ്ക്ക് മുൻകൂർ ജാമ്യമില്ല. സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു. ഒരാഴ്ചക്കുളളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് നിർദേശം. അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ നിർദേശം.

കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ ആക്ഷേപം. മോഹിനിയാകാൻ സൗന്ദര്യം വേണം. കറുത്ത കുട്ടികൾ മേക്കപ്പിട്ടാണ് മത്സരങ്ങളിൽ സമ്മാനം വാങ്ങുന്നത്. കറുത്ത നിറമുള്ളവരെ മോഹിനിയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും സത്യഭാമ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്. തുടർന്ന് ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എസ് സി, എസ് ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്.  

Leave a Reply

Your email address will not be published. Required fields are marked *