‘സുരക്ഷിത, ആരും തട്ടിക്കൊണ്ട് പോയിട്ടില്ല, കല്യാണച്ചെലവ് വഹിച്ചത് രാഹുൽ’; വീണ്ടും വെളിപ്പെടുത്തലുമായി പന്തീരാങ്കാവ് കേസിലെ യുവതി

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വീണ്ടും പുതിയ വെളിപ്പെടുത്തലുമായി യുവതി. തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും യുവതി പറഞ്ഞു. താൻ ആരോപിച്ച സ്ത്രീധന പീഡനമടക്കം തള്ളിയ യുവതി തന്നെ നേരത്തെ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും പുതിയ വെളിപ്പെടുത്തൽ.

‘കടുത്ത സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. വീട്ടിൽ നിൽക്കാൻ സാധിച്ചില്ല. സുരക്ഷിതയാണെന്ന് അമ്മയെ അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളോടുള്ള അച്ഛന്റെ പ്രതികരണം വിഷമിപ്പിച്ചു. എനിക്ക് പരിക്കേറ്റിട്ടില്ല. വേണമെങ്കിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം. കല്യാണച്ചെലവ് വഹിച്ചത് രാഹുലാണ്. 50 പവൻ കൊടുക്കാമെന്ന് പറഞ്ഞത് അമ്മയാണ്’, യുവതി വ്യക്തമാക്കി. പ്രതിയായ രാഹുൽ മകളെ സ്വാധീനിച്ചതായിരിക്കാം മൊഴിമാറ്റത്തിന് കാരണമെന്നാണ് യുവതിയുടെ പിതാവ് നേരത്തെ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും യുവതി വീഡിയോ പങ്കുവച്ചത്.

‘ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മകൾ തിരുവനന്തപുരത്തെ ഐ.ടി കമ്പനിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയത്. അതിന് ശേഷം എട്ടാം തീയതിവരെ മകളുമായി ഫോണിൽ സംസാരിച്ചു. എന്നാൽ ഞായറാഴ്ചയും തിങ്കളാഴ്ചയും വിളിച്ചിട്ട് കിട്ടിയില്ല. തുടർന്ന് അവൾ ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജരുമായി ബന്ധപ്പെട്ടപ്പോൾ മൂന്നാം തീയതി മുതൽ 21-ാം തീയതി വരെ മകൾ അവധിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നാലെ മകളെ കാണാൻ ഇല്ലെന്ന് പരാതി നൽകി. കേസിൽ മകളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചില്ല’, യുവതിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *