വീണ്ടും കളര്‍ഫുള്‍ ആകും; ടൂറിസ്റ്റ് ബസുകളിൽ കളര്‍ കോഡ് പിന്‍വലിക്കാന്‍ നീക്കവുമായി ഗതാഗത വകുപ്പ്

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളില്‍ നടപ്പാക്കിയ കളര്‍ കോഡ് സംവിധാനത്തില്‍ ഇളവുവരുത്താനുള്ള നീക്കവുമായി കേരള ഗതാഗത വകുപ്പ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റോഡ് സുരക്ഷയുടെ പേരില്‍ ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്. ഈ തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നതെന്നാണ് സൂചന. ജൂലായ് ആദ്യവാരം ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ.) യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും.

ഒമ്പതുപേര്‍ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെ ത്തുടര്‍ന്നാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്. മറ്റ് ഡ്രൈവര്‍മാരുടെ ശ്രദ്ധപതിയുന്ന വെള്ളനിറമാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശിച്ചത്. എസ്.ടി.എ. യോഗം നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു. റൂട്ട് ബസുകള്‍ക്ക് ഏകീകൃതനിറം ഏര്‍പ്പെടുത്തിയതിന്റെ ചുവടു പിടിച്ചായിരുന്നു ടൂറിസ്റ്റ് ബസുകള്‍ക്കും കളര്‍കോഡ് കൊണ്ടുവന്നത്.

കളര്‍ കോഡ് സംവിധാനത്തിനെതിരേ ടൂറിസ്റ്റ് ബസ്സുടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും റോഡ് സുരക്ഷ കണക്കിലെടുത്ത് എസ്.ടി.എ. തീരുമാനം അംഗീകരിക്കുകയായിരുന്നു. വടക്കഞ്ചേരി അപകടത്തെത്തുടര്‍ന്ന് ബസുകളിലെ അനധികൃത ലൈറ്റുകളും ശബ്ദസംവിധാനവും നീക്കിയിരുന്നു. നിയന്ത്രണങ്ങള്‍ ബസ് മേഖലയെ ബാധിച്ചതായി ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനകള്‍ ആരോപിച്ചിരുന്നു. അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജുവും മോട്ടോര്‍വാഹനവകുപ്പും റോഡ് സുരക്ഷ കണക്കിലെടുത്ത് ഇളവ് നിഷേധിച്ചു.

എന്നാല്‍, മന്ത്രി മാറിയതോടെ മോട്ടോര്‍വാഹവനകുപ്പിന്റെ നിലപാടും മാറി. ടൂറിസ്റ്റ് ബസുകള്‍ക്ക് കളര്‍ നല്‍കുന്നതിനെ മന്ത്രി ഗണേഷ്‌കുമാര്‍ പരസ്യമായി അനുകൂലിച്ചതോടെയാണ് വകുപ്പ് മലക്കംമറിഞ്ഞത്. മോട്ടോര്‍വാഹനവകുപ്പിന്റെ ശുപാര്‍ശയായി കളര്‍മാറ്റവും എസ്.ടി.എ. അജന്‍ഡയില്‍ ഇടംപിടിച്ചു. കളര്‍മാറ്റം അനുവദിച്ചാലും അതിരുവിട്ട ചിത്രവേലകള്‍ അനുവദിച്ചേക്കില്ല. മറ്റ് സംസ്ഥാനങ്ങളിലൊന്നും നിറത്തിന്റെ കാര്യത്തില്‍ കടുംപിടിത്തമില്ലെന്നതും മാറ്റത്തിന് ബലമേകുന്നു.

Leave a Reply

Your email address will not be published. Required fields are marked *