വിസിറ്റിംഗ് കാർഡ് നട്ടാൽ ജമന്തിച്ചെടിയാകുമോ… പൂക്കുമോ…; തീർച്ചയായും ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ കാർഡ് നട്ടാൽ

വിസിറ്റിംഗ് കാർഡ് സർവസാധാരണമാണ്. എന്നാൽ മഹാരാഷ്‌ട്രയിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ശുഭം ഗുപ്തയുടെ വിസിറ്റിംഗ് കാർഡ്, ഇത്തരത്തിൽ ലോകത്തിലെ ആദ്യത്തെയാണ്. ആരെയും അദ്ഭുതപ്പെടുത്തുന്ന ആശയമായി അദ്ദേഹത്തിന്‍റെ വിസിറ്റിംഗ് കാർഡ്. പ്രകൃതിസ്നേഹിയായ ഗുപ്ത ഓഫീസിൽ കാണാനെത്തുന്നവർക്കു തന്‍റെ വിസിറ്റിംഗ് കാർഡ് നൽകും. സാധാരണ വിസിറ്റിംഗ് കാർഡ് സൂക്ഷിച്ചുവയ്ക്കാറാണു പതിവ്. എന്നാൽ ഗുപ്ത പറയും വീട്ടിൽ ചെന്നിട്ട് ഈ വിസിറ്റിംഗ് കാർഡ് നടൂ എന്ന്. അതാണ് ഗുപ്തയുടെ “പ്ലാന്‍റബിൾ വിസിറ്റിംഗ് കാർഡ്’ മാജിക്!

വിസിറ്റിംഗ് കാർഡ് നടുകയോ..? അതേ, നിങ്ങൾ കണ്ടുപരിചയിച്ച സാധാരണ വിസിറ്റിംഗ് കാർഡ് അല്ല അത്! വിവിധ നിറത്തിൽ പൂക്കളുണ്ടാകുന്ന ജമന്തിച്ചെടികളുടെ വിത്തുകളാണ് വിസിറ്റിംഗ് കാർഡിൽ ഒളിപ്പിച്ചുവച്ചരിക്കുന്നത്. കാർഡ് നട്ടാൽ ജമന്തിച്ചെടിയായി തഴച്ചുവളരും. മനോഹരമായ പൂക്കൾ നിങ്ങളെ നോക്കി ചിരിക്കും.

പാരിസ്ഥിതിക സുസ്ഥിരതയിലേക്കുള്ള മുൻകരുതലായാണ് ഗുപ്ത “നട്ടാൽ ചെടിയാകുന്ന’ വിസിറ്റിംഗ് കാർഡ് തയാറാക്കിയത്. എക്സിൽ പങ്കുവച്ച ചിത്രങ്ങൾക്കു വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഗുപ്തയുടെ പോസ്റ്റ് കണ്ടത്. തന്‍റെ ഓഫീസിലെ ഓരോ സന്ദർശകനും അതുല്യമായ “പ്ലാന്‍റബിൾ വിസിറ്റിംഗ് കാർഡ്’ ലഭിക്കുമെന്നു ഗുപ്ത അടിക്കുറിപ്പിൽ പറയുന്നു. മുംബൈ സാംഗ്ലി-മിറാജ്-കുപ്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ മുനിസിപ്പൽ കമ്മീഷണറാണ് ശുഭം ഗുപ്ത.

Leave a Reply

Your email address will not be published. Required fields are marked *