‘ലൈഫ്’ വീടുണ്ടെന്നറി‌ഞ്ഞ് പഴയത് പൊളിച്ചു; പിന്നീട് ആളുമാറിയെന്ന് അറിയിച്ചു; രേഖകൾ വാങ്ങാനെത്തിയ സ്ത്രീയെ പഞ്ചായത്തിൽ പൂട്ടിയിട്ടെന്ന് പരാതി

കാസർകോട് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ സ്ത്രീയെ പൂട്ടിയിട്ടതായി പരാതി. ലൈഫ് പദ്ധതിയിൽ വീടിനായി നൽകിയ രേഖകൾ തിരികെ വാങ്ങാനെത്തിയ കോട്ടവളപ്പിലെ സാവിത്രിയെ ആണ് പൂട്ടിയിട്ടത്. സാവിത്രിയുടെ പരാതിയിൽ വിഇഒ എം അബ്ദുൽ നാസറിനെതിരെ കേസെടുത്തു. ഇന്നലെയാണ് സംഭവം. സാവിത്രി ലൈഫ് പദ്ധതി പ്രകാരം വീടിനായി അപേക്ഷിച്ചിരുന്നു. വീട് അനുവദിച്ചെന്ന് അറിയിപ്പ് ലഭിച്ചു. ഷെഡ് പൊളിച്ചുമാറ്റി വീട് നിർമാണം തുടങ്ങി. പക്ഷേ ഫണ്ട് അനുവദിച്ചില്ല. മറ്റൊരു സാവിത്രിക്കാണ് വീട് അനുവദിച്ചതെന്നും മാറിപ്പോയെന്നുമാണ് പഞ്ചായത്ത് അധികൃതർ വിശദീകരിച്ചത്. ഇതോടെ താൻ നൽകിയ രേഖകള്‍ തിരിച്ചു തരണമെന്ന് സാവിത്രി ആവശ്യപ്പെട്ടു. ചില രേഖകള്‍ നൽകിയെങ്കിലും മുഴുവൻ രേഖകളും നൽകാത്തതിനാൽ സാവിത്രി കുത്തിയിരിപ്പ് തുടങ്ങി.

ഇതോടെ വിഇഒ വാതിൽ പുറത്തു നിന്ന് പൂട്ടി പോയെന്നാണ് സാവിത്രിയുടെ പരാതി. സാവിത്രി നൽകിയ പരാതിയിൽ വിഇഒയ്ക്കെതിരെ കേസെടുത്തു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്ന വിഇഒയുടെ പരാതിയിൽ സാവിത്രിക്കെതിരെയും കേസെടുത്തു. സാവിത്രിയുടെ പേര് ലൈഫ് മിഷൻ പദ്ധതിയിൽ ഇല്ലെന്നും മകൻ വിഷ്ണുവിന്റെ പേരാണ് ഭൂരഹിത ഭവനരഹിതരുടെ പട്ടികയിൽ ഉള്ളതെന്നും വി ഇ ഒ പറയുന്നു. പൂട്ടിയിട്ടെന്ന പരാതി അടിസ്ഥാന രഹിതമാണെന്നുമാണ് വി ഇ ഒയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *