ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം അറിയാമോ…?; ഈജിപ്ത് അല്ല

പിരമിഡുകളെക്കുറിച്ചു കേൾക്കുമ്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, മനോഹരമായ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യവും ഈജിപ്റ്റ് ആണെന്നാണു നമ്മൾ കരുതിയിരിക്കുന്നത്. എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്തല്ലെന്നു നിങ്ങൾക്കറിയാമോ? അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം സുഡാൻ ആണ്.

സുഡാൻറെ വിശാലമായ മരുപ്രദേശങ്ങളിൽ ചിതറിക്കിടക്കുന്ന ഭീമാകാരമായ ഘടനകൾ ഉണ്ട്. സുഡാനിലെ പിരമിഡുകൾ പല പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. അവരുടേതായ തനതായ വാസ്തുവിദ്യാ ശൈലിയും ചരിത്രപരമായ പ്രാധാന്യവും ആ പിരമിഡുകൾക്കുണ്ട്.

സുഡാനിലൂടെ ഒഴുകുന്ന നൈൽ നദിയുടെ കിഴക്കൻ തീരത്തു കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ, ചെറുതാണെങ്കിലും ഈജിപ്ഷ്യൻ പിരമിഡുകൾ പോലെ പ്രശസ്തമാണ്. 2500 ബിസിഇ-300 സിഇക്കും ഇടയിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്.

കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്. അവയിൽ ഏറ്റവും പ്രശസ്തമായത് യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ മെറോ നെക്രോപോളിസ് ആണ്. 200ലധികം പിരമിഡുകൾ അവിടെ നിശബ്ദ കാവൽക്കാരായി നിലകൊള്ളുന്നു. പിരമിഡുകൾ ഈജിപ്തിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ്. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കും നേർക്കാഴ്ച നൽകുന്നാണ് പിരമിഡുകൾ.

ഏറ്റവും കൂടുതൽ പിരമിഡുകൾ ഉണ്ടെങ്കിലും, സുഡാനീസ് പിരമിഡുകൾ ഈജിപ്ഷ്യൻ പിരമിഡുകളെപ്പോലെ പ്രശസ്തമല്ല. അങ്ങോട്ടെത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *