ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ദുബൈയിൽ പൊതു ഗതാഗതം ഉപയോഗിച്ചവരുടെ എണ്ണം 67ലക്ഷം. ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂൺ 15 മുതൽ 18 വരെയുള്ള ഈദ് അവധി ദിനങ്ങളിൽ മെട്രോ, ബസ്, ട്രാം അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളും ടാക്സികളും അടക്കം ഉപയോഗിച്ചവരുടെ ആകെ എണ്ണമാണിത്. കഴിഞ്ഞ വർഷത്തെ യാത്രക്കാരെക്കാൾ കൂടുതലാണ് സമാന ദിവസങ്ങളിലെ ഇത്തവണത്തെ യാത്രക്കാരുടെ എണ്ണമെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം 64 ലക്ഷമായിരുന്നു ബലിപെരുന്നാൾ അവധി ദിനങ്ങളിലെ യാത്രക്കാരുടെ എണ്ണം.
വൈവിധ്യമാർന്ന ഗതാഗത സൗകര്യങ്ങൾ പെരുന്നാൾ അവധിയോടനുബന്ധിച്ച് ആർ.ടി.എ ഒരുക്കിയിരുന്നു. മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ ഉപയോഗിച്ച് യാത്ര ചെയ്തവർ മാത്രം ഇത്തവണ 25ലക്ഷം വരും. ട്രാം യാത്രക്കാർ 1.01 ലക്ഷവും പൊതു ബസ് യാത്രക്കാരുടെ എണ്ണം 14 ലക്ഷവുമാണ്. അതേസമയം, സമുദ്ര ഗതാഗതം ഉപയോഗിച്ചവരുമേറെയാണ്. 2.8 ലക്ഷം പേരാണ് അബ്രകളും മറ്റും അടക്കമുള്ള സമുദ്ര ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്. അതോടൊപ്പം ടാക്സികളും സുപ്രധാനമായ പങ്കുവഹിക്കുകയുണ്ടായി. 20 ലക്ഷം പേരാണ് ടാക്സി ഉപയോഗിച്ചത്. മറ്റു യാത്രക്കാർക്കൊപ്പം പങ്കുവെച്ചുകൊണ്ട് യാത്ര ചെയ്യുന്ന വാഹനങ്ങൾ ഉപയോഗിച്ചവർ 3.5 ലക്ഷം കടന്നിട്ടുമുണ്ട്.
ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ദുബൈ മെട്രോ, ട്രാം, ബസ് സർവിസുകൾ സമയം ദീർഘിപ്പിച്ചിരുന്നു. മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ അഞ്ചുമുതൽ പുലർച്ച ഒരു മണി വരെയും ഞായറാഴ്ച രാവിലെ എട്ടുമുതൽ പുലർച്ച ഒരു മണി വരെയും തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ അഞ്ചുമുതൽ പുലർച്ച ഒരു മണി വരെയും സർവിസ് നടത്തി. ദുബൈ ട്രാം തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ ആറു മുതൽ പുലർച്ച ഒരു മണി വരെ സർവിസ് നടത്തി. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ പുലർച്ച ഒരു മണി വരെയാണ് സർവിസുണ്ടായിരുന്നത്.