എട്ടു തവണ എംപിയായ കൊടിക്കുന്നിലിനെ തഴഞ്ഞു; പ്രതിഷേധം

ഏഴു തവണ എംപിയായ ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ ലോക്‌സഭയുടെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തതായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. മുൻ ബിജെഡി നേതാവായ മഹ്താബ് ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപാണു ബിജെപിയിൽ ചേർന്നത്. നിലവിൽ ലോക്‌സഭയിലെ മുതിർന്ന അംഗവും 8 തവണ എംപിയുമായ കേരളത്തിൽനിന്നുള്ള കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയാണു രാഷ്ട്രപതി ദ്രൗപദി മുര്‍മു വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഒഡിഷ മുൻ മുഖ്യമന്ത്രി ഹരേകൃഷ്ണ മഹ്താബിന്റെ മകനായ ഭർതൃഹരി മഹ്താബ് 1998 മുതൽ ഒഡിഷയിലെ കട്ടക് മണ്ഡലത്തെയാണു പ്രതിനിധീകരിക്കുന്നത്. ജൂൺ 24ന് ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും 26ന് സ്പീക്കർ തിരഞ്ഞെടുപ്പിനും മഹ്താബ് മേല്‍നോട്ടം വഹിക്കും. മഹ്താബിനെ സഹായിക്കാൻ കൊടിക്കുന്നിൽ സുരേഷ്, ഡിഎംകെയുടെ ടി.ആർ.ബാലു, ബിജെപിയുടെ രാധാ മോഹൻ സിങ്, ഫഗ്ഗൻ സിങ് കുലസ്‌തെ, തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ദ്യോപാധ്യായ എന്നിവരെ തിരഞ്ഞെടുത്തു.

അർഹതയുള്ള മുതിർന്ന നേതാവായ കൊടിക്കുന്നിലിനെ പ്രോടേം സ്പീക്കറാക്കാതിരുന്നതിനെ കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. കേന്ദ്ര സർക്കാർ കീഴ്വഴക്കം ലംഘിച്ചതായും 2014ൽ പോലും കോൺഗ്രസിലെ മുതിർന്ന എംപി കമൽനാഥിനെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തിരുന്നുവെന്നും കൊടിക്കുന്നിൽ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

പ്രതിപക്ഷത്തിനു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുന്ന കാര്യത്തിലും നരേന്ദ്ര മോദി സർക്കാരിനു താൽപര്യമില്ലെന്നതിന്റെ സൂചനയാണിതെന്ന് ഇന്ത്യാസഖ്യത്തിലെ നേതാക്കൾ സൂചിപ്പിച്ചു. 2019ൽ ബിജെപിയുടെ വീരേന്ദർ കുമാറായിരുന്നു പ്രോടേം സ്പീക്കർ.

Leave a Reply

Your email address will not be published. Required fields are marked *