ഐഫൽ ടവറിനേക്കാള്‍ ഉയരത്തിലുള്ള പാലം; ചെനാബ് പാലത്തിൽ പരീക്ഷണയോട്ടം നടത്തി ഇന്ത്യൻ റെയില്‍വേ

ഐഫൽ ടവറിനേക്കാള്‍ ഉയരത്തിലുള്ള പാലത്തിലൂടെ ട്രെയിനോടിച്ച് ഇന്ത്യന്‍ റെയില്‍വേ. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പാലമായ ജമ്മു കശ്മീരിലെ ചെനാബ് റെയില്‍പ്പാലത്തിലൂടെയാണ് ആദ്യത്തെ തീവണ്ടിയോടിയത്. റെയില്‍വേയുടെ പരീക്ഷണയോട്ടമായിരുന്നു നടന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ പാലത്തിലൂടെ കടന്നുപോയത്. ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ റെയില്‍പ്പാലത്തിലൂടെ രംബാനില്‍ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിനാണ് കടന്നുപോകുക.

ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആര്‍ച്ച് ബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നത്. പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്, ഐഫൽ ടവറിനേക്കാള്‍ 35 മീറ്റര്‍ അധികം ഉയരമുണ്ട് പാലത്തിന്. ഈ പാലത്തിലൂടെ ഇന്ത്യന്‍ റെയില്‍വേയുടെ മെമു ട്രെയിന്‍ കടന്നു പോകുന്ന ദൃശ്യം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. കശ്മീര്‍ താഴ്വരയെക്കൂടി ഇന്ത്യന്‍ റെയില്‍വേ നെറ്റ് വര്‍ക്കിന്റെ ഭാഗമാക്കാന്‍ ഉദ്ദേശിച്ചുളള പദ്ധതിയുടെ ഭാഗമായാണ് പാലം പണിതിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *