ഇരട്ട പെൺകുഞ്ഞുങ്ങൾ ജനിച്ചതിൽ നിരാശ; പിന്നാലെ കൊന്ന് കുഴിച്ചുമൂടി: പിതാവുൾപ്പടെ മൂന്ന് പേർ ഒളിവിൽ

നവജാത ശിശുക്കളായ ഇരട്ട പെൺകുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമുടിയ കേസിൽ പിതാവുൾപ്പടെ മൂന്ന് പേർ ഒളിവിൽ. കുഞ്ഞുങ്ങളുടെ പിതാവായ നീരജ് സൊലാങ്കിയും ഇയാളുടെ അമ്മയും മ​റ്റൊരു ബന്ധുവുമാണ് ഒളിവിൽ കഴിയുന്നത്.

ഹരിയാനയിലെ റോഹ്‌താക്ക് ആശുപത്രിയിൽ മേയ് 30നാണ് നീരജിന്റെ ഭാര്യയായ പൂജ സൊലാങ്കി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. പെൺകുഞ്ഞുങ്ങളായതുകൊണ്ട് ഇവർ നിരാശയിലായിരുന്നുവെന്നും ദിവസങ്ങളായി നീരജും കുടുംബവും കുഞ്ഞുങ്ങളെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ജൂൺ ഒന്നിനാണ് പൂജയെയും കുഞ്ഞുങ്ങളെയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിലേക്ക് പോകാനാണ് യുവതി തീരുമാനിച്ചത്. ഇവർ ആശുപത്രിയിൽ നിന്നും പുറപ്പെടാനൊരുങ്ങിയപ്പോൾ നീരജും കുടുംബവും കാറിലെത്തി കുഞ്ഞുങ്ങളുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് പൂജയോട് മറ്റൊരു വാഹനത്തിൽ പിന്നാലെ വരാൻ നീരജ് ആവശ്യപ്പെട്ടു. എന്നാൽ പ്രതിയും കുടുംബവും യുവതിയെ കബളിപ്പിച്ച് മ​റ്റൊരു വഴിയിലൂടെ കടന്നുകളയുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പൂജയുടെ സഹോദരൻ നീരജിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവർ താമസിക്കുന്ന ഡൽഹിയിലെ സുൽത്താൻപുരിക്കടുത്തുളള ആളൊഴിഞ്ഞ സ്ഥലത്ത് കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയതായി സഹോദരന് വിവരം ലഭിക്കുകയായിരുന്നു. യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസെത്തിയാണ് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്തത്.

സംഭവത്തിൽ നീരജിന്റെ പിതാവായ വിജേന്തർ സൊലാങ്കിയെയും അറസ്​റ്റ് ചെയ്തു. ബാക്കിയുളളവർക്കായുളള തിരച്ചിൽ പുരോഗമിക്കുകയാണ്. ഇവർക്കെതിരെ കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *