സൈനികന്റെ മൃതദേഹം നാട്ടിലെത്തിയത് ജീര്‍ണിച്ച അവസ്ഥയില്‍: പരാതിയുമായി ബന്ധുക്കള്‍

രാജസ്ഥാനില്‍ ഹൃദയസ്തംഭനം മൂലം മരിച്ച സൈനികൻ പൂവാർ സ്വദേശി ഡി. സാമുവേലിന്‍റെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ.

തിരിച്ചറിയാൻ കഴിയാത്ത വിധം ജീര്‍ണിച്ച അവസ്ഥയില്‍ എത്തിയതോടെയാണ് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്‍മോര്‍ട്ടം നടത്തിയ ശേഷം ഡിഎന്‍എ സാമ്ബിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

കഴിഞ്ഞ 18നാണ് 59 കാരനായ സാമൂവല്‍ പൂവാറിലെ വീട്ടില്‍ നിന്ന് അവധിക്ക് ശേഷം തിരിച്ച പോയത്. രാജസ്ഥാനിലെ വാള്‍മീറില്‍ ബിഎസ് എഫ് ബറ്റാലിയനിയിലായിരുന്നു ജോലി. കഴിഞ്ഞ 24 ന് ഹൃദയസ്തംഭനംമൂലം സാമുവല്‍ മരിച്ചതായി വീട്ടില്‍ ഫോണ്‍ വിളിയെത്തി. 26 ന് രാത്രി 11 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചു. 

പെട്ടി പുറത്തെടുത്തപ്പോഴേ ദുർഗന്ധം അനുഭവപ്പെട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. നേരെ മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെട്ടിതുറന്നപ്പോള്‍ വളരെ ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കണ്ടാല്‍ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മൃതദേഹമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

മൃതദേഹത്തില്‍ യൂണിഫോമിലുള്ള പാന്‍റ്സ് മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം തിരിച്ചറിയുന്നതിനായി ‍ഡിഎന്‍എ സാമ്പിള്‍ പരിശോനക്ക് അയച്ചു. സംഭവത്തില്‍ ബന്ധുകള്‍ പൂവ്വാർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡിഎൻഎ പരിശോന ഫലം വന്ന ശേഷം തുടർനടപടികള്‍ സ്വീകരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *