ഡൽഹി വിമാനത്താവള അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മേൽക്കൂരയുടെ തൂണ് വീണ ടാക്സിയിലെ ഡ്രൈവർ ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച പുലർച്ചെ അഞ്ചര മണിയോടെയുണ്ടായ അപകടത്തിൽ മൂന്ന് കാറുകൾ തകരുകയും നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

വിമാനത്താവളത്തിന്റെ ഒന്നാമത്തെ ടെർമിനലിലാണ് അപകടം സംഭവിച്ചത്. മേൽക്കൂരയും അത് താങ്ങി നിർത്തിയിരുന്ന തൂണും നിലത്തേക്ക് പതിക്കുകയായിരുന്നു. നിലവിൽ ഒന്നാമത്തെ ടെർമിനൽ താത്കാലികമായി അടച്ചിട്ടു. ഇവിടെ നിന്നുള്ള ചെക്കിൻ, സർവീസുകൾ തുടങ്ങിയവയും സുരക്ഷാ കാരണങ്ങൾ മുൻനിർത്തി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് നിരീക്ഷിച്ച് വരികയാണെന്നും പരിക്കേറ്റ മുഴുവൻ ആളുകളേയും ആശുപത്രിയിൽ എത്തിച്ചുവെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു കിഞ്ജാരപ്പു സമൂഹമാദ്ധ്യമമായ എക്‌സിൽ കുറിച്ചു. കനത്ത മഴയെ തുടർന്നാണ് മേൽക്കൂര തകർന്ന് വീണതെന്ന് ഡൽഹി എയർപോർട്ട് അധികൃതരും സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *