അന്താരാഷ്ട്ര ബഹിരാകാശ നിലയം പൊളിച്ചിറക്കാൻ ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സ്; 7035 കോടി രൂപയുടെ കരാർ

അന്താരാഷ്ട്ര ബഹിരാകാശ നിലയം പൊളിച്ചിറക്കാൻ സ്പെയ്സ് എക്സ്. 2030-ഓടുകൂടി ISS ന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇതിനെ സുരക്ഷിതമായി ഭ്രമണപഥത്തില്‍നിന്ന് മാറ്റാനും ഭൂമിയില്‍ ഇടിച്ചിറക്കാനുമുള്ള ബഹിരാകാശ പേടകം വികസിപ്പിക്കാൻ സ്വകാര്യ ബഹിരാകാശ സാങ്കേതികവിദ്യ കമ്പനിയായ സ്‌പേസ് എക്‌സിന് നാസ കരാര്‍ നല്‍കി കഴിഞ്ഞു. ഈ പേടകത്തിന്റെ നിയന്ത്രണവും ഉടമസ്ഥാവകാശവും നാസയ്ക്കായിരിക്കും. 84.3 കോടി ഡോളർ എന്നു വച്ചാൽ 7035 കോടി രൂപയുടെ കരാറാണ് സ്‌പേസ് എക്‌സിന് ഇതിനായി നല്‍കിയിരിക്കുന്നത്. ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പവും ഏകദേശം 430000 കിലോഗ്രാം ഭാരവുമുള്ള ഐഎസ്എസ് ഓരോ ഘട്ടങ്ങളായാവും തകരുക. ആദ്യം തന്നെ സൗരോര്‍ജ പാനലുകളും, റേഡിയേറ്ററുകളും വേര്‍പെടും.

രണ്ടാം ഘട്ടത്തില്‍ നിലയത്തിന്റെ നട്ടെല്ലെന്നറിയപ്പെടുന്ന ട്രസില്‍ നിന്നും വിവിധ മോഡ്യൂളുകള്‍ വേര്‍പെടും. ക്രമേണ ഇവയുടെ പ്രധാനഭാഗങ്ങള്‍ കത്തിയമരും. വലിയ ഭാഗങ്ങള്‍ നശിക്കാതെ പസഫിക് സമുദ്രത്തിലുള്ള ബഹിരാകാശ ശ്മശാനം എന്നറിപ്പെടുന്ന പോയിന്റ് നീമോയിൽ വീഴുമെന്നാണ് കരുതുന്നത്. ബഹിരാകാശത്തെ ഉപഗ്രഹങ്ങള്‍ക്കും ഭാവി ദൗത്യങ്ങള്‍ക്കും ഭീഷണിയാകാതിരിക്കാനാണ് നാസ ഇത്തരത്തിൽ ഐഎസഎസ് തകർക്കാൻ തീരുമാനിച്ചത്. സമുദ്രത്തിലെ ആളില്ലാ മേഖലയില്‍ സുരക്ഷിതമായി ഇറക്കാനാകും വിധം നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയുടെ ആകര്‍ഷണ പരിധിയിലേക്ക് എത്തിക്കുകയാണ് സ്‌പേസ് എക്‌സ് നിര്‍മിക്കുന്ന പേടകത്തിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *