കളിയിക്കാവിള കൊലപാതകം; പോലീസ് തിരയുന്ന സുനിൽകുമാറിന്റെ കാർ റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം കളിയിക്കാവിളയിൽ ക്വാറി വ്യവസായിദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് തിരയുന്ന സുനിൽകുമാറിന്റെ കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ കുലശേഖരത്തു നിന്നാണ് റോഡരികിൽ കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം തക്കല ഡിവൈ.എസ്.പി ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം കേസിൽ സുനിൽകുമാറിനായി തമിഴ്‌നാട് പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ വിവിധഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

ദീപുവിനെ കൊലപ്പെടുത്താൻ സർജിക്കൽ ബ്ലേഡും ഗ്ലൗസും അടക്കമുള്ളവ നൽകിയത് സുനിൽകുമാറാണെന്ന് നേരത്തെ അറസ്റ്റിലായ സജികുമാർ മൊഴിനൽകിയിരുന്നു. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി സുനിൽകുമാറുമായി അടുത്ത ബന്ധമുള്ള മൂന്നുപേരെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തു. സുനിൽകുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രദീപ് ചന്ദ്രൻ, സുനിൽകുമാർ പാർട്ണറായ സർജിക്കൽ സ്ഥാപനത്തിന്റെ ഉടമ, പാറശ്ശാല മഹാദേവർ ക്ഷേത്രത്തിനു സമീപത്തെ സർവീസ് സെന്റർ ഉടമ എന്നിവരെയാണ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്.

കൊല നടത്തുന്നതിന് സർജിക്കൽ ഗ്ലൗസ്, ബ്ലേഡ്, വസ്ത്രങ്ങൾ എന്നിവ നൽകിയ സർജിക്കൽ സ്ഥാപനത്തിന്റെ പാർട്ണറാണ് സുനിൽകുമാർ എന്നാണ് വിവരം. ഇയാൾക്ക് കേരളത്തിലും തമിഴ്‌നാട്ടിലും ബന്ധങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. സജികുമാർ പിടിയിലായതിനു തൊട്ടുപിന്നാലെ മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാൾക്കായി അന്വേഷണവിഭാഗം നാലു സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *