കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഡൽഹി ഹൈക്കോടതി ജൂലൈ ഒന്നിന് വിധി പറയും

ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സി.ബി.ഐ, ഇ.ഡി കേസുകളിൽ ബി.ആർ.എസ് നേതാവ് കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഡൽഹി ഹൈക്കോടതി ജൂലൈ ഒന്നിന് വിധി പറയും. കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളുടെയും വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ് സ്വർണ കാന്തശർമയുടെ ബെഞ്ച് മെയ് 28ന് വിധി പറയാനായി മാറ്റുകയായിരുന്നു.

മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയും അഭിഭാഷകരായ നിതേഷ് റാണ, മോഹിത് റാവു, ദീപക് നഗർ എന്നിവരാണ് കെ. കവിതക്ക് വേണ്ടി ഹാജരായത്. അഭിഭാഷകൻ ഡി.പി. സിങ് സി.ബി.ഐക്ക് വേണ്ടിയും അഭിഭാഷകൻ സോഹെബ് ഹുസൈൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് വേണ്ടിയും ഹാജരായി. പൊതുപ്രവർത്തകരുടെയും സ്വകാര്യ വ്യക്തികളുടെയും പങ്കാളിത്തവും അനധികൃത പണത്തിന്‍റെ ഒഴുക്കും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുടരന്വേഷണം വളരെ നിർണായക ഘട്ടത്തിലാണെന്ന് ജാമ്യാപേക്ഷയെ എതിർക്കുന്നതിനിടെ സി.ബി.ഐ വ്യക്തമാക്കുകയുണ്ടായി.

കുറ്റാരോപിതയായ ഹർജിക്കാരിയെ ജാമ്യത്തിൽ വിട്ടയച്ചാൽ അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി. കുറ്റത്തിന്‍റെ സ്വഭാവവും കുറ്റാരോപിതൻ പ്രയോഗിച്ചേക്കാവുന്ന സ്വാധീനവും കണക്കിലെടുക്കണമെന്നും അഭിഭാഷകർ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *