മാന്നാർ കൊലപാതകം; കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയോ?, ദുരൂഹത

മാന്നാറിലെ കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ്. കലയുടെ മൃതദേഹം ആദ്യം ആറ്റിൽ കളയാനാണ് പ്രതികൾ തീരുമാനിച്ചതെന്നും ഇതിനാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം കാറിൽ എത്തിച്ചതെന്നുമാണ് വിവരം. എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതിനാൽ മൃതദേഹം ആറ്റിലുപേക്ഷിച്ചില്ല. പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയതായും പൊലീസ് ഇപ്പോൾ സംശയിക്കുന്നുണ്ട്. 15 വർഷത്തിനിടെ രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നുവെന്നാണ് കണ്ടെത്തൽ. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ കോടതിക്ക് കൈമാറി.

ഒന്നാംപ്രതിയായ അനിൽകുമാറിനെ എത്രയും വേഗം കസ്റ്റഡിയിലെടുക്കുകയെന്നത് കേസിൽ അനിവാര്യമായിരിക്കുകയാണ്. നിലവിൽ ഇയാൾ ഇസ്രയേലിലാണ്. കലയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയതായി അറസ്റ്റിലായ പ്രതികളിലൊരാളാണ് മൊഴി നൽകിയത്. ഇതനുസരിച്ചാണ് പോലീസ് സംഘം അനിൽകുമാറിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയത്.

സംഭവസമയത്ത് അനിൽകുമാർ നാട്ടിലെ കെട്ടിടനിർമാണ തൊഴിലാളിയായിരുന്നു. അതിനാൽ തന്നെ മറ്റുസഹായമില്ലാതെ സെപ്റ്റിക് ടാങ്ക് തുറന്ന് മൃതദേഹം മാറ്റാൻ ഇയാൾക്ക് കഴിഞ്ഞേക്കുമെന്നാണ് നിഗമനം.

കൂടുതൽ തെളിവ് ശേഖരണത്തിനാണ് പൊലീസിന്റെ ശ്രമം. കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികൾ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും. 6 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഈ ദിവസങ്ങൾക്കുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. അനിലിനെ കൂടി കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ കൊലപാതകം എങ്ങനെ നടന്നു എന്ന വ്യക്തമായ ചിത്രം പോലീസിന് ലഭിക്കു.

കല കൊല്ലപ്പെട്ടത് 2009 ലാണെന്ന് പറയുമ്പോഴും കൃത്യം നടന്ന സ്ഥലമോ തീയ്യതിയോ പൊലീസിന്റെ പക്കലില്ല. കലയുടെ മൃതദേഹം കുഴിച്ചു മൂടിയത് എവിടെയാണെന്ന് പൊലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ രാസപരിശോധനാ ഫലം ലഭിച്ചെങ്കിൽ മാത്രമേ കലയുടെ മൃതദേഹം ഇവിടെയാണ് കുഴിച്ചു മൂടിയതെന്ന് സ്ഥിരീകരിക്കാനാകൂ.

Leave a Reply

Your email address will not be published. Required fields are marked *