ട്വന്റി -20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം മുംബൈയിൽ ; വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് , വാംഖഡയിൽ ടീമിനെ സ്വീകരിക്കാൻ എത്തി പതിനായിരങ്ങൾ

ട്വന്റി-20 ലോകകപ്പുമായി ഡല്‍ഹിയില്‍ നിന്ന് വിസ്താര വിമാനത്തില്‍ മുംബൈ വിമാനത്തവാളത്തിലെത്തിയ ഇന്ത്യൻ ടീമിനെ വാട്ടർ സല്യൂട് നല്‍കി സ്വീകരിച്ച് അധികൃതര്‍. വിമാനത്താവളത്തിലെ അഗ്നിശമനസേനാ വിഭാഗമാണ് ഇന്ത്യൻ താരങ്ങളെയും വഹിച്ചുകൊണ്ട് വന്ന വിസ്താര വിമാനത്തിന് വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചത്. പിന്നീട് വിമാനത്തിന് മുന്നില്‍ അഗ്നിശമനസേനാംഗങ്ങള്‍ വാഹനത്തില്‍ ഇന്ത്യൻപതാകയും വഹിച്ച് അകമ്പടി സേവിച്ചു.

ട്വന്റി-20 ലോകകപ്പുമായി വിക്ടറി പരേഡിനായി വൈകിട്ട് മൂന്ന് മണിയോടെ മുംബൈ വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങളെ സ്വീകരിക്കാന്‍ ആയിരക്കണക്കിനാരാധകരാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചു കൂടിയത്. വിമാനത്താവളത്തിന് പുറത്തിറങ്ങിയ താരങ്ങള്‍ ഓരോരുത്തരായി ടീം ബസില്‍ കയറി വാംഖഡെ സ്റ്റേഡിയത്തിലേക്ക് പോയി.

ഇതിനിടെ കനത്ത മഴയെത്തി. മറൈന്‍ ഡ്രൈവില്‍ നിന്ന് വൈകിട്ട് അഞ്ച് മണിക്ക് വിക്ടറി പരേഡ് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് വിക്ടറി പരേഡ് ഇതുവരെ തുടങ്ങാനായിട്ടില്ല. മഴ മാറിയെങ്കിലും മറൈന്‍ ഡ്രൈവിസെ ജനസാഗരത്തിനിടയിലൂടെ വിക്ടറി പരേഡിനുള്ള തുറന്ന ബസ് സ്റ്റേഡിയത്തിലെത്തിക്കുന്നതുപോലും കനത്ത വെല്ലുവിളിയാണ്.

ഇന്ന് രാവിലെ ആറരയോടെയാണ് ഇന്ത്യൻ ടീം അംഗങ്ങള്‍ ബോയിംഗ് 777 വിമാനത്തില്‍ ബാര്‍ബഡോസില്‍ നിന്ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. നേരെ ഹോട്ടലിലേക്ക് പോയ ടീം അംഗങ്ങള്‍ പിന്നീട് പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണവും കഴിച്ചശേഷമാണ് താരങ്ങള്‍ മുംബൈയിലേക്ക് വിമാനം കയറിയത്. വിക്ടറി പരേഡിനുശേഷം വാംഖഡെയില്‍ താരങ്ങളെ ആദരിക്കുന്ന ചടങ്ങും ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമായതിനാല്‍ ആയിരക്കണക്കിനാരാധകരാണ് ഉച്ചക്ക് രണ്ട് മണി മുതല്‍ തന്നെ സ്റ്റേഡിയത്തിലെത്തിയത്.

കഴിഞ്ഞ ശനിയാഴ്ച ബാര്‍ബഡോസില്‍ നടന്ന ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ ട്വന്റി-20 ലോകകപ്പ് കീരിടം നേടിയത്. കിരീടനേട്ടത്തിനുശേഷം ബാര്‍ബഡോസിലെ ചുഴലിക്കൊടുങ്കാറ്റ് മൂലം ഇന്ത്യയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലായെങ്കിലും ചൊവ്വാഴ്ച ബിസിസിഐ ചാര്‍ട്ടര്‍ ചെയ്ത് അയച്ച ബോയിംഗ് വിമാനത്തില്‍ ഇന്നലെയാണ് ഇന്ത്യൻ ടീം തിരിച്ചുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *