ഗുരുദേവ കോളേജ് സംഘര്‍ഷം: പ്രിന്‍പ്പിലിനെതിരേ നടപടിയുമായി പോലീസ്

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരന്‍ കുറ്റം ചെയ്തതായി പോലീസ്. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തുവെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന് വെള്ളിയാഴ്ച പോലീസ് നോട്ടീസ് നല്‍കി. അതേസമയം പ്രിന്‍സിപ്പലിനെ മര്‍ദിച്ചെന്ന കേസില്‍ പ്രതികളായ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയില്ല.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ടുകേസുകളാണ് സ്റ്റേഷനിലുള്ളത്. ഒന്ന് പ്രിന്‍സിപ്പലിനും രണ്ടാമത്തേത് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് എതിരേയുള്ളതും. എസ്.എഫ്.ഐയുടെ ഏരിയ പ്രസിഡന്റ് അഭിനവിനെ മര്‍ദിച്ചു എന്ന പരാതിയിലാണ് പോലീസ് നടപടിയിലേക്ക് കടന്നിരിക്കുന്നത്.

നോട്ടീസ് ലഭിച്ചതിന് പിന്നാലെ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നു. ഇതിനെതിരേ പ്രിന്‍സിപ്പല്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ ഇത്തരത്തില്‍ നോട്ടീസ് നല്‍കി വിട്ടയക്കാറുണ്ട്.

അതേസമയം, കണ്ടാലറിയാവുന്ന നാലുപേര്‍ അടക്കം പതിനഞ്ചുപേര്‍ക്കെതിരേ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇതുവരെ നടപടി എടുത്തിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം ഗുരുദേവ കോളേജില്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *