ഫ്രാൻസിന്റെ ഭാവിനിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം

ഫ്രഞ്ച് ജനതയ്ക്ക് ഇന്ന് നിർണായക ദിനം. ഇന്നത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിയുന്നതോടെ ഫ്രാൻസിൽ അടുത്ത ഭരണം ആർക്കെന്ന് വ്യക്തമാകും. മേയിൽ നടന്ന യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മരീൻ ലെ പെന്നിന്റെ തീവ്ര വലതു പാർട്ടിയായ നാഷണൽ റാലി ഫ്രാൻസിൽ മുന്നിലെത്തിയിരുന്നു. ഇതോടെ ആണ് പ്രസിഡന്റ്  ഇമ്മാനുവൽ മാക്രോൺ പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 

ദേശീയ അസംബ്ലിയിലെ 577 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഒന്നാം ഘട്ടത്തിൽ തീവ്ര വലതുപക്ഷം മുന്നിലെത്തിയിരുന്നു. ഇന്നത്തെ രണ്ടാം ഘട്ട പോളിംഗ് കൂടി കഴിയുന്പോൾ, 289 സീറ്റ് നാഷണൽ റാലിക്ക് നേടാൻ ആയാൽ രണ്ടാം ലോകയുദ്ധത്തിനു ശേഷം ആദ്യമായി തീവ്ര വലതുപാർട്ടി ഫ്രാൻസിൽ അധികാരത്തിലെത്തും. ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്ത് 2027 വരെ ഇമ്മാനുവൽ മക്രോണിന് തുടരാം. 

എന്നാൽ ഇന്നത്തെ തെരഞ്ഞെടുപ്പിൽ ജനവിശ്വാസം നഷ്ടമായെന്ന് തെളിഞ്ഞാൽ അദ്ദേഹം സ്ഥാനത്ത് തുടരുമോ എന്നതും സംശയമാണ്. പാർലമെന്റിൽ സ്വന്തം പാർട്ടിക്ക് ഭൂരിപക്ഷമില്ലാതാകുന്നത് പ്രെസിഡന്റിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. ഫ്രാൻസിന്റെ സമീപകാല ചരിത്രത്തിൽ ഏറ്റവും അധികം അക്രമ സംഭവങ്ങൾ ഉണ്ടായ തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. തീവ്രവലതുപക്ഷ പാർട്ടിയുടെ അനുയായികൾ പലയിടത്തും രാഷ്ട്രീയ എതിരാളികളെ മർദിച്ചു. ഫ്രാൻസിന്റെ ഭാവി എന്താകും എന്ന് നിർണയിക്കുന്ന ഫലമാണ് ഇന്ന് പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *