ആസാമിലെ ഗുവാഹത്തിയിൽ ഓടയിൽ വീണ് കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. രാജ്ഗഢ് പ്രദേശത്ത് നാല് കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. മാതാപിതാക്കൾ തിരിച്ചറിഞ്ഞ മൃതദേഹം ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഹീരാലാലിന്റെ മകൻ അഭിനാഷാണ് വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ കനത്ത മഴയ്ക്കിടെ വെള്ളം നിറഞ്ഞ ഓടയിലേക്ക് വീണത്. മകൻ കൈ ഉയർത്തിയത് കണ്ട് ഹീരാലാൽ ഓടയിലേക്ക് ചാടിയെങ്കിലും മകനെ കണ്ടെത്താനായില്ല. ആദ്യം മകനെ പിതാവ് ഒറ്റക്കാണ് തെരഞ്ഞത്. രാവിലെ മുഴുവൻ മകനെ തെരഞ്ഞ ശേഷം രാത്രി കടവരാന്തയിലാണ് അദ്ദേഹം കഴിഞ്ഞത്. പിന്നാലെ സംഭവത്തിൽ പൊലീസും അധികൃതരും ഇടപ്പെട്ടുകയായിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ശർമയെ കുട്ടിയെ കാണാതായ സ്ഥലം സന്ദർശിച്ചിരുന്നു. കുട്ടിയെ കണ്ടെത്താൻ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ദൗത്യത്തിനായി വിവിധ ഏജൻസികളെ നിയോഗിക്കുകയും ചെയ്തു. തുടർന്നാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്.