ഇനി മദ്യബ്രാൻഡുകളുടെ സ്റ്റോക്ക് അറിയാം; പുതിയ സംവിധാനവുമായി ബെവ്കോ

സംസ്ഥാനത്ത് മദ്യക്കുപ്പികളിൽ ക്യൂആർ കോഡ് പതിക്കുന്നതിന്റെ പരീക്ഷണം 12ന് തുടങ്ങും. സർക്കാർ സ്ഥാപനമായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിന്റെ മദ്യക്കുപ്പികളിലാകും ആദ്യം പരീക്ഷണം നടത്തുക. ഒരു മാസം നിരീക്ഷിച്ച് പോരായ്മകളുണ്ടെങ്കിൽ പരിഹരിച്ചശേഷം മറ്റു മദ്യക്കമ്പനികൾക്കും ബാധകമാക്കും.

നിലവിലെ ഹോളോഗ്രാം ലേബലിന് പകരമാണ് പുതിയ സംവിധാനം ബിവറേജസ് കോർപ്പറേഷൻ ഏർപ്പെടുത്തുന്നത്. കുപ്പികളിൽ കൂടാതെ കെയ്സുകളിലും ക്യൂആർ പതിക്കും. ക്യൂആർ കോഡ് സ്‌കാൻ ചെയ്താൽ മദ്യം എന്ന് ഉത്പാദിപ്പിച്ചു, ബാച്ച്, ഡിസ്റ്റിലറിയിൽ നിന്ന് ചില്ലറവില്പന ശാലകളിൽ എത്തുംവരെയുള്ള വിവരങ്ങളടക്കം അറിയാനാകും. ചില്ലറവില്പന ശാലകളിൽ സ്റ്റോക്കുള്ള മദ്യബ്രാൻഡുകളുടെ വിശദാംശവും അറിയാം. സി ഡിറ്റാണ് ക്യൂആർ കോഡ് ലേബൽ തയ്യാറാക്കുന്നത്. ഒരു ലേബലിന് 32 പൈസ മദ്യക്കമ്പനികൾ ബെവ്‌കോയ്ക്ക് നൽകണം. ലേബലുകൾ ഡിസ്റ്റിലറികളിൽ എത്തിക്കും. ക്യൂ ആർ കോഡ് കൂടി വരുന്നതോടെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കുന്ന രാജ്യത്തെ ആദ്യ മദ്യവിതരണ ഏജൻസിയാവും ബെവ്‌കോ.

Leave a Reply

Your email address will not be published. Required fields are marked *