ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന്റെ പ്രതിഫലം സംബന്ധിച്ച് തീരുമാനമായില്ല ; സമയമുണ്ടെന്ന് ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി നിയമിതനായ ഗൗതം ഗംഭീറിന്‍റെ പ്രതിഫലകാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. പ്രതിഫലത്തിന്‍റെ കാര്യം ഗംഭീറിന്‍റെ അവസാന പരിഗണനയാണെന്നും തന്‍റെ സഹപരീശലകരെ നിയമിക്കുന്നതിലും അടുത്ത പരമ്പരക്കായി ഇന്ത്യൻ ടീമിനെ ഒരുക്കുന്നതിലുമാണ് ഗംഭീര്‍ ആദ്യ പരിഗണന നല്‍കുന്നതെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ഗംഭീറിനെ ഇന്ത്യൻ പരിശീലകനായി നിയമിച്ച കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. ഗംഭീര്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയാവുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകിയത് പ്രതിഫലത്തര്‍ക്കത്തെ തുടര്‍ന്നായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ 2014ല്‍ കോച്ച് ഡങ്കന്‍ ഫ്ലെച്ചറിനും മുകളില്‍ രവി ശാസ്ത്രിയെ ഇന്ത്യൻ ടീം ഡയറക്ടറാക്കിയപ്പോള്‍ ഔദ്യോഗികമായി ഒരു കരാര്‍ പോലുമില്ലാതെയാണ് അദ്ദേഹം ചുമതലയേറ്റതെന്നും പ്രതിഫലവും കരാറുമെല്ലാം പിന്നീട് സംസാരിച്ച് തീരുമാനിക്കുകയായിരുന്നുവെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.അതുകൊണ്ടുതന്നെ ഗംഭീറിന്‍റെ പ്രതിഫലകാര്യത്തിലും തീരുമാനമെടുക്കാന്‍ ഇനിയും ധാരാളം സമയമുണ്ടെന്നും മുന്‍ പരിശിലകന്‍ രാഹുല്‍ ദ്രാവിഡിന് നല്‍കിയ അതേ പ്രതിഫലം തന്നെയായിരിക്കും ഏകദേശം ഗംഭീറിനുമെന്നും ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ വ്യക്തമാക്കി.

ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്കക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരയിലാകും ഗംഭീര്‍ ഇന്ത്യൻ പരിശീലകനായി ഔദ്യോഗികമായി ചുമതലയേല്‍ക്കുക. ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയായിരിക്കും ഗംഭീറിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി എന്നാണ് കരുതുന്നത്. രവി ശാസ്ത്രിക്ക് കീഴില്‍ കഴി‌ഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്ട്രേലിയയില്‍ പരമ്പര നേടി ചരിത്രം കുറിച്ചിരുന്നു. 1991നുശേഷം ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *