വേങ്ങര ഗാർഹിക പീഡനം: പെൺകുട്ടിയുടെ പരാതിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി

നവവധുവിന് നേരെയുണ്ടായ ഗാർഹിക പീഡന അന്വേഷണത്തിൽ ഇടപെട്ട് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി റിപ്പോർട്ട് തേടി. വേങ്ങര സ്വദേശിയായ പെൺകുട്ടി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതികളിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നാണ് നിർദ്ദേശം. അന്വേഷത്തിന്റെ പുരോഗതി കോടതിയെ ബോധിപ്പിക്കണം. റിപ്പോർട്ട് ഒരാഴ്ച്ചക്കകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം.

ഭർത്താവിന്റെ മർദ്ദനത്തിൽ യുവതിയുടെ കേൾവി ശക്തിക്ക് തകരാർ പറ്റി. പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയായ ഭർത്താവ് മുഹമ്മദ് ഫായിസിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മുഹമ്മദ് ഫായിസിൻറെ ക്രൂര പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്ന പെൺകുട്ടി മെയ് മാസം 23 നാണ് മലപ്പുറം വനിതാ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ ഗാർഹിക പീഡനം, ഉപദ്രവം, വിശ്വാസം തകർക്കുന്ന വിധത്തിലുള്ള പെരുമാറ്റം അടക്കമുള്ള നിസാര വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. കേസ് അന്വേഷണത്തിലും പൊലീസ് അലംഭാവം കാണിച്ചതോടെ ഒരാഴ്ച്ചക്ക് ശേഷം മെയ് 28 ന് പെൺകുട്ടി മലപ്പുറം എസ് പിക്ക് പരാതി നൽകി.

എസ് പിയുടെ നിർദ്ദേശ പ്രകാരം കേസിൽ വധശ്രമം, ഗുരുതരമായി പരിക്കേൽപ്പിക്കൽ വകുപ്പുകൾ കൂടി ചേർത്തു. ഇതോടെ മുഹമ്മദ് ഫായിസും അമ്മ സീനത്തും മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളി. സീനത്ത് ഹൈക്കോടതിയിൽ നിന്നും അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് നേടി. ഇതിനിടെ മുഹമ്മദ് ഫായിസും പിതാവ് സൈതലവിയും ഒളിവിൽ പോയി. ഫായിസ് വിദേശത്ത് കടന്നതായും സംശയമുണ്ട്. മർദ്ദനത്തിനു പുറമേ വനിതാ കമ്മീഷൻ അദാലത്തിൽ പറഞ്ഞ പ്രകൃതിവിരുദ്ധ പീഡനമെന്ന പരാതിയിലും പൊലീസ് മെഡിക്കൽ പരിശോധന നടത്തിയില്ല. തുടക്കം മുതൽ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് പെൺകുട്ടിക്കും വീട്ടുകാർക്കും പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *