രോഗിയായ സ്ത്രീയെ വഴിയില്‍ ഇറക്കിവിട്ട് ഓട്ടോറിക്ഷ ഡ്രൈവർ; ലൈസന്‍സ് ആറു മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍റ് ചെയ്തു

ഓട്ടോറിക്ഷയില്‍ നിന്ന് രോഗിയും വയോധികയുമായ സ്ത്രീയെ പാതി വഴിയില്‍ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. മലപ്പുറം പെരിന്തല്‍മണ്ണിയിലാണ് സംഭവം. യാത്രക്കിടെ പാതിവഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ സ്ത്രീയുടെ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടു. ഡ്രൈവര്‍ പെരിന്തല‍മണ്ണ കക്കൂത്ത് സ്വദേശി രമേശനെതിരെ ആണ് നടപടി. രമേശന്‍റെ ഡ്രൈവിങ് ലൈസന്‍സ് ആറു മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍റ് ചെയ്തു.

ഇതിനുപുറമെ അഞ്ചു ദിവസം എടപ്പാളിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലെ ക്ലാസില്‍ പങ്കെടുക്കണം. മൂവായിരം രൂപ പിഴ അടയ്കാനും നോട്ടീസ് നല്‍കി. അങ്ങാടിപ്പുറം സ്വദേശി ശാന്തയെ ആണ് ഓട്ടോയിൽ നിന്ന് ഇറക്കിവിട്ടത്. ഇക്കഴിഞ്ഞ തിങ്കാഴ്ച നടന്ന സംഭവത്തില്‍ ചൊവ്വാഴ്ചയാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷിച്ച് ഇന്നാണ് എംവിഡി ഓട്ടോ ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.

അവിടെ ബ്ലോക്കാണ് പോകാൻ പറ്റില്ലെന്ന് പറയുകയായിരുന്നുവെന്ന് ശാന്ത പറഞ്ഞു. നല്ല ചാര്‍ജ് ആകുമെന്ന് പറഞ്ഞാണ് കയറിയതെന്നും എന്നാല്‍, പിന്നീട് വഴിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നും ശാന്തയുടെ മകള്‍ പറഞ്ഞു. തിരിച്ച് ഓട്ടോ സ്റ്റാന്‍ഡില്‍ കൊണ്ടുവിടാൻ പോലും തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു. പിന്നീട് അമ്മയെ മരച്ചോട്ടിൽ ഇരുത്തിയശേഷം താഴേ പോയിട്ട് മറ്റൊരു ഓട്ടോ വിളിച്ചുകൊണ്ടുവരുകയായിരുന്നു. സ്ട്രോക്ക് വന്ന് ഒരു ഭാഗം തളര്‍ന്ന വയ്യാതായ അമ്മയെ വഴിയിലിറക്കിവിട്ടത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഇക്കാരണത്താലാണ് പരാതി നല്‍കിയതെന്നും ശാന്തയുടെ മകള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *