ദുഃഖം പങ്കിടാന്‍ പരോള്‍; എന്തുകൊണ്ട് സന്തോഷം പങ്കിടാനും അനുവദിച്ചുകൂടാ?: ബോംബെ ഹൈക്കോടതി

ദുഃഖം പങ്കിടാന്‍ തടവുപുള്ളികള്‍ക്ക് പരോള്‍ അനുവദിക്കാമെങ്കില്‍ എന്തുകൊണ്ട് സന്തോഷം പങ്കിടാനും അനുവദിച്ചുകൂടാ?- ചോദ്യം ബോംബെ ഹൈക്കോടതിയുടേത്.

പഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകുന്ന മകനെ യാത്രയയക്കാന്‍ വിവേക് ശ്രീവാസ്തവ് എന്ന തടവുപുള്ളിക്ക് പരോള്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം.

2012ലെ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ശ്രീവാസ്തവ്. വിദേശത്ത് പോകുന്ന മകന്റെ പഠനച്ചെലവിന് ക്രമീകരണം നടത്താനും യാത്രയാക്കാനും പരോള്‍ അനുവദിക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു. എന്നാല്‍ ദുഃഖം പോലെ ഒരു വികാരമാണ് സന്തോഷമെന്നും ദുഃഖം പങ്കിടാന്‍ അവസരം നല്‍കുന്നെങ്കില്‍ സന്തോഷത്തിനും അതുവേണമെന്നും കോടതി ചൂണ്ടിക്കാട്ടി.

തടവുശിക്ഷ അനുഭവിക്കുന്നവന്‍ ആരുടെയെങ്കിലും മകനോ ഭര്‍ത്താവോ പിതാവോ സഹോദരനോ ആകാമെന്നും പുറംലോകവുമായി ബന്ധപ്പെടാനും കുടുംബകാര്യങ്ങള്‍ നിര്‍വഹിക്കാനും സോപാധികമായി ഹ്രസ്വകാലത്തേക്ക് അവര്‍ക്ക് പരോള്‍ അനുവദിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *