‘ഇത് ക്ഷമിക്കാൻ കഴിയില്ല’: ട്രംപിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ജോ ബൈഡൻ

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ഇത്തരം ആക്രമണങ്ങൾക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്ന് ബൈഡൻ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത് അനുവദിക്കാനാകില്ല. നമുക്ക് ഇങ്ങനെ ആകാൻ കഴിയില്ല. ഇത് ക്ഷമിക്കാനും കഴിയില്ല’’–ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ എതിരാളിയാണ് ട്രംപ്. വെടിയേറ്റ ട്രംപുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ചികിത്സയിലായതിനാൽ സാധിച്ചില്ലെന്നു ബൈഡൻ വ്യക്തമാക്കി. ട്രംപിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. ട്രംപുമായി സംസാരിക്കാൻ വീണ്ടും ശ്രമിക്കും. സംഭവത്തെ ഒരു കൊലപാതകശ്രമമായി ചിത്രീകരിക്കുമോ എന്ന ചോദ്യത്തിന്, തനിക്ക് സ്വന്തം അഭിപ്രായമുണ്ടെന്നും എന്നാൽ കൂടുതൽ വസ്തുതകൾ പുറത്തു വരുന്നതു വരെ കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘‘അമേരിക്കയിൽ ഇത്തരം രാഷ്ട്രീയ അക്രമം കേട്ടുകേൾവിയില്ലാത്തതാണ്, അത് ഉചിതമല്ല. എല്ലാവരും അതിനെ അപലപിക്കണം’’– ബൈഡൻ പറഞ്ഞു. പെൻസിൽവാനിയയിലെ റാലിക്കിടെയാണ് ട്രംപിന് നേരെ ആക്രമണമുണ്ടായത്. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നു. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *