തമിഴ്‌നാട്ടിലെ ബി.എസ്.പി. അധ്യക്ഷന്റെ കൊലപാതകം: പ്രതികളിൽ ഒരാൾ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

തമിഴ്‌നാട് ബി.എസ്.പി. അധ്യക്ഷൻ കെ.ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ചെന്നൈയിലെ മാധവരാമിന് സമീപത്തുവെച്ച് നടന്ന ഏറ്റുമുട്ടലിലാണ് കൊലക്കേസിലെ 11 പ്രതികളിൽ ഒരാളായ തിരുവെങ്കടം എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ദിവസങ്ങളായി ആംസ്‌ട്രോങ്ങിനെ പിന്തുടരുകയും നിരീക്ഷിച്ചുവരുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ജൂലൈ അഞ്ചിനാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തിൽ ആംസ്ട്രോങ് കൊല്ലപ്പെടുന്നത്. രാത്രി ഏഴരയോടെ പെരമ്പൂരിലെ വീട്ടിലേക്കു വാഹനത്തിൽ വരുന്നതിനിടെ സാന്തയപ്പൻ സ്ട്രീറ്റിൽ ആറംഗ സംഘം തടഞ്ഞുനിർത്തി ഇദ്ദേഹത്തെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ ഗ്രീംസ് റോഡിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ട് പാർട്ടിപ്രവർത്തകർക്കും വെട്ടേറ്റിരുന്നു. ആംസ്ട്രോങ്ങിൻ്റെ കൊലപാതകം ദേശീയതലത്തിൽ തന്നെ ചർച്ചയായിരുന്നു. രാഹുൽഗാന്ധി അടക്കമുള്ള നേതാക്കൾ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. ബി.എസ്.പി. അധ്യക്ഷ മായാവതിയും പാർട്ടി കോ-ഓർഡിനേറ്റർ ആകാശ് ആനന്ദും അനുശോചനം അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *