വെടിവച്ചത് 20 വയസ്സുകാരൻ; പരുക്കേറ്റ ട്രംപ് ആശുപത്രി വിട്ടു

ട്രംപിന് നേരെയുണ്ടായ വെടിവയ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തുമെന്നു യുഎസ് അറിയിച്ചു. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറൽ ഏജൻസിയായ യുഎസ് സീക്രട്ട് സർവീസും ചേർന്നാണ് അന്വേഷണം നടത്തുക. യുഎസ് രാഷ്ട്രീയ നേതാക്കളുടെയും അവരുടെ കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതും അവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന ഏജൻസിയാണ് സീക്രട്ട് സർവീസ്.

ട്രംപിനെ വെടിവച്ചത് ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സ് എന്നയാളാണെന്നു യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പെൻസിൽവാനിയയിൽ വെടിവയ്പുണ്ടായ സ്ഥലത്തുനിന്ന് അക്രമിയുടേതെന്നു കരുതുന്ന എആർ–15 സെമി ഓട്ടമാറ്റിക് റൈഫിൾ കണ്ടെടുത്തതായി സുരക്ഷാ സംഘാംഗങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം വെടിവയ്പിൽ പരുക്കേറ്റ ഡോണൾഡ് ട്രംപ് ആശുപത്രി വിട്ടു. ട്രംപ് പിറ്റ്സ്ബർഗിൽനിന്ന് പുറപ്പെട്ടതായി പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിരോ പറഞ്ഞു. അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ ട്രംപ് പങ്കെടുക്കുന്നതിൽ മാറ്റമില്ലെന്ന് അദ്ദേഹത്തിന്റെ ക്യാംപെയ്ൻ ടീം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *