സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കുകയെന്നതാണ് പ്രതിപക്ഷ ധര്‍മ്മം; വി.ഡി സതീശൻ

പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് പൊള്ളുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കുകയെന്നതാണ് പ്രതിപക്ഷ ധര്‍മ്മം. ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയ് എന്ന തൊഴിലാളി വീണപ്പോള്‍ പ്രതിപക്ഷം വിമര്‍ശിച്ചെന്നാണ് തദ്ദേശമന്ത്രിയുടെ പരാതി.

പക്ഷെ പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചത് അപ്പോഴല്ല. മഴക്കാലപൂര്‍വ ശുചീകരണം നടന്നിട്ടില്ലെന്നും അതിന്‍റെ ഭാഗമായി സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടരുന്നെന്നും അതീവ ഗൗരവത്തോടെ പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞതാണ്. ഇവര്‍ക്ക് ഒരു പണിയും ചെയ്യാന്‍ താല്‍പര്യമില്ല. എന്നിട്ടും വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്- വിഡിസതീശന്‍.

അന്ന് ഈ മന്ത്രി എന്ത് ഉത്തരമാണ് നല്‍കിയത്? ഇപ്പോള്‍ അതേ മന്ത്രി എന്താണ് പറയുന്നത്? പ്രതിപക്ഷമാണോ വിവാദമുണ്ടാക്കിയത്? ജോയിയുടെ തിരോധനത്തോടെ തിരുവനന്തപുരം കോര്‍പറേഷനും റെയില്‍വെയും ഇറിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റും തമ്മില്‍ അടി തുടങ്ങി. കോര്‍പറേഷനും റെയില്‍വെയും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പരിഹരിക്കേണ്ടത് കോര്‍പറേഷനാണ്.

തിരുവനന്തപുരത്തെ 1039 ഓടകളില്‍ 839 എണ്ണത്തിന്റെ ശുചീകരണം കഴിഞ്ഞെന്നാണ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. എവിടെയാണ് ഓട വൃത്തിയാക്കിയത്. ഒന്നും ചെയ്തില്ല. പെരുമാറ്റച്ചട്ടം കാരണം യോഗം നടത്താന്‍ പറ്റിയില്ലെന്നതാണ് മന്ത്രിയുടെ മറ്റൊരു വാദം. മന്ത്രിമാരും എം.എല്‍.എമാരും യോഗം ചേരുന്നതിന് മാത്രമെ പെരുമാറ്റച്ചട്ട വിലക്കുള്ളൂ. മഴക്കാലവും തിരഞ്ഞെടുപ്പുമൊക്കെ വരുമെന്ന് സര്‍ക്കാരിന് അറിയില്ലായിരുന്നോ? തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് മഴക്കാല പൂര്‍വശുചീകരണം നടത്തേണ്ടതായിരുന്നു.

ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയാറായില്ല. ഒരു രാത്രി മുഴുവന്‍ മഴ പെയ്താല്‍ തിരുവനന്തപുരം വെള്ളത്തിനടിയിലാകും. യു.ഡി.എഫ് കാലത്ത് തുടങ്ങിവച്ച ഓപ്പറേഷന്‍ അനന്ത മുന്നോട്ട് കൊണ്ടു പോകാന്‍ തയാറാകാതിരുന്നത് എന്തുകൊണ്ടാണ്. സതീശൻ പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *