നഞ്ചമ്മയുടെ കേസ് ഹൈക്കോടതി പരിഗണനയിൽ, ഭൂമി വിട്ടു നൽകാനാകില്ല; അട്ടപ്പാടി തഹസിൽദാർ

അട്ടപ്പാടിയിൽ പാരമ്പര്യ ഭൂമി തിരികെ കിട്ടാനുളള നഞ്ചമ്മയുടെ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അക്കാരണത്താൽ ഭൂമി വിട്ടു നൽകാൻ കഴിയില്ലെന്നും അട്ടപ്പാടി തഹസീൽദാർ ഷാനവാസ് വിശദീകരിച്ചു. നഞ്ചമ്മയ്ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നുവെന്നും തഹസിൽദാർ കൂട്ടിച്ചേർത്തു.

വ്യാജ രേഖയുണ്ടാക്കി ഭ4ത്താവിന്റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് നഞ്ചമ്മയുടെ പരാതി. നഞ്ചമ്മയുടെ ഭർത്താവിന്റെ കുടുംബം വകയുള്ള നാലേക്കർ ഭൂമിയാണ് തർക്കത്തിന് ആധാരം. നഞ്ചമ്മയുടെ ഭർത്താവിന്റെ അച്ഛൻ നാഗമൂപ്പന്റെ കൈയിൽനിന്ന് കന്ത ബോയൻ എന്നൊരാളാണ് ഭൂമി കൈവശപ്പെടുത്തിയത്. പരാതിയെ തുടർന്ന് 2003-ൽ വിൽപ്പന റദ്ദാക്കി ഭൂമി അവകാശികൾക്ക് തിരിച്ചുകൊടുത്തു. അവർ കൃഷി ചെയ്തുകൊണ്ടിരിക്കേ, 2007-ൽ ഈ ഭൂമി മിച്ചഭൂമിയാണെന്ന് നോട്ടീസ് നൽകി അഗളി വില്ലേജ് അധികൃതർ ഒഴിപ്പിച്ചു. മൂന്നുവർഷത്തിനുശേഷം കെ.വി. മാത്യു എന്നൊരാൾ ഈ ഭൂമിയുടെ അവകാശിയായി വന്നു. ഒറ്റപ്പാലം സബ് ജഡ്ജി ഒപ്പിട്ട ആധാരമാണ് തെളിവായി ഇയാൾ ഹാജരാക്കിയത്.

മാത്യുവിൽനിന്നാണ് ഭൂമി ജോസഫ് കുര്യനിലെത്തിയത്. റവന്യൂ വകുപ്പിന് ലഭിച്ച പരാതികളിൽ അസി. ലാൻഡ് റവന്യു കമീഷണറുടെ മേൽനോട്ടത്തിൽ റവന്യു വിജിലൻസ് അന്വേഷിക്കുകയും വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി തട്ടിയെടുത്തതെന്ന് കണ്ടെത്തുകയും ചെയ്തു. വളരെ വർഷങ്ങൾക്ക് മുൻപ് അന്യാധീനപ്പെട്ടു, തിരികെ കിട്ടാൻ ടി എൽ എ കേസ് നിലവിലുണ്ട്. ഭൂമി വിൽക്കാൻ അടിസ്ഥാന രേഖയായ നികുതി രശീതി അഗളി വില്ലേജിൽ നിന്ന് നൽകിയിട്ടില്ലെന്നും കോടതിയിൽ വില്ലേജ് ഓഫിസർ മൊഴി നൽകി. വ്യാജരേഖയുടെ പിൻബലത്തിലാണ് ഭൂമി ഇടപാടെന്ന് തെളിഞ്ഞു. നഞ്ചമ്മയ്ക്ക് അനുകൂലമായി ജില്ല കളക്ടർ റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ ഭൂമി കൈവശം വെച്ചിരിക്കുന്ന വ്യക്തി കോടതിയെ സമീപിക്കുകയും സ്റ്റേ ഉത്തരവ് നേടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *