തനിക്ക് ആരോഗ്യപ്രശ്‌നമുണ്ടായാൽ ട്രംപിനെതിരായ മത്സരത്തിൽ തുടരാനുള്ള തീരുമാനം പുനഃപരിശോധിക്കും: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

പ്രായാധിക്യവും നാവുപിഴയും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യമുയരുന്നതിനിടെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തനിക്ക് ആരോഗ്യപ്രശ്‌നമുണ്ടായാൽ ഡോണൾഡ് ട്രംപിനെതിരായ മത്സരത്തിൽ തുടരാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്നാണു ബൈഡന്റെ പ്രഖ്യാപനം. ടിവി അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.‌

‘‘എനിക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ, നിങ്ങൾക്ക് പ്രശ്നമുണ്ട് എന്നു ഡോക്ടർമാർ പറഞ്ഞാൽ, ഞാനതു പുനഃപരിശോധിക്കും’’ എന്നാണു മത്സരത്തിൽനിന്നു പിന്മാറുമോയെന്ന ചോദ്യത്തിനു ബൈഡൻ മറുപടി നൽകിയത്.

പ്രക്ഷേപണത്തിനു മുന്നോടിയായി പുറത്തുവിട്ട ചെറു വിഡിയോ ക്ലിപ്പിലാണ് ഈ പ്രതികരണം. 78 വയസ്സുള്ള ട്രംപുമായി ജൂണിൽ നടത്തിയ സംവാദത്തിൽ നിറംമങ്ങിയതോടെ 81കാരനായ ബൈഡനെതിരെ സ്വന്തം പാർട്ടിയിൽനിന്ന് എതിർപ്പുയർന്നിരുന്നു.

തുടർച്ചയായ രാജ്യാന്തര യാത്രയിൽ തളർന്നതിനാലും ജലദോഷം ബാധിച്ചതിനാലുമാണു സംവാദത്തിൽ തിളങ്ങാനാകാതിരുന്നത് എന്നായിരുന്നു ബൈഡന്റെ ക്യാംപ് വിശദീകരിച്ചത്. ബൈഡൻ പൂർണ ആരോഗ്യവാനാണെന്നാണു വൈറ്റ് ഹൗസിന്റെ നിലപാട്. മുൻ സംവാദത്തിൽ തന്റേതു മോശം പ്രകടനമായിരുന്നെന്നു ബൈഡൻ അഭിമുഖത്തിൽ സമ്മതിച്ചു. പ്രായമേറുമ്പോൾ അതുകൊണ്ടുവരുന്ന ഒരേയൊരു കാര്യം അൽപം ജ്ഞാനമാണ്. രാജ്യത്തിനു വേണ്ടി കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് എനിക്കറിയാമെന്നു കരുതുന്നതായും ബൈഡൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബൈഡനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂക്കൊലിപ്പും ചുമയും ഉൾപ്പെടെ ലക്ഷണങ്ങൾ പ്രകടമാണെന്നും പാക്സ്‍ലോവിഡിന്റെ ആദ്യ ഡോസ് നൽകിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോക്ടറെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ വ്യക്തമാക്കി.  ആരോഗ്യവാനാണെന്നും ഐസലേഷനിൽ കഴിഞ്ഞുകൊണ്ട് അമേരിക്കൻ ജനതയ്ക്കു വേണ്ടി ഔദ്യോഗിക ചുമതലകളിൽ വ്യാപൃതനാകുമെന്നും ബൈഡൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *