പ്രതിഭ സാംസ്കാരിക വേദി നജ്റാനിൽ ‘പെരുന്നാൾ നിലാവ് 2024’ സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ വടംവലി, ഫുട്ബാൾ, ഷൂട്ട് ഔട്ട്, കാരംസ് മത്സരങ്ങളും കുട്ടികളുടെ വിനോദ പരിപാടികളും മെഗാ സ്റ്റേജ് ഷോയും അരങ്ങേറി. കാരംസ് മത്സരങ്ങൾ വിനോദ് അൽദേഗ, ഷാജഹാൻ ബലദ്, കുട്ടികളുടെ മത്സരങ്ങൾ ഷിജിൻ, ഷിജു മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നിയന്ത്രിച്ചു. ആറു മണിക്കൂർ നീണ്ട സ്റ്റേജ് ഷോ പ്രതിഭ രക്ഷാധികാരി ഷാനവാസ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ആദർശ് പ്രവർത്തന റിപ്പോർട്ടും കായിക വിഭാഗം കൺവീനർ മണി സ്പോർട്സ് റിപ്പോർട്ടും അവതരിപ്പിച്ചു. ചടങ്ങിൽ തമിഴ് മൺഡ്രം ഭാരവാഹികൾ അനിൽ രാമചന്ദ്രനെ ഉപഹാരം നൽകി ആദരിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയ പ്രതിഭ അംഗങ്ങളുടെ കുട്ടികൾക്കുള്ള വിദ്യാകിരൺ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. സുമയ്യ ടീച്ചർ (മലയാളം മിഷൻ എഴുത്തോല പഠനകേന്ദ്രം), റഷീദ് (ഒ.ഐ.സി.സി), അബ്ദുൽ ജബ്ബാർ (കെ.എം.സി.സി), ഷുക്കൂർ കൊല്ലം (ഐ.സി.എഫ്), വിപിൻ സത്യൻ (എൻ.എം.എ), ഡോ. എസ്തർ മേരി പപ്പിയ (തമിഴ് മൺഡ്രം), അബ്ദുൽ കരീം (വി.എഫ്.എസ്), മുഹമ്മദ് അലി (ഒ.എൻ.വൈ.എക്സ് ഗോൾഡ് ഫൈസലിയ), ജലാൽ റഹ്മാൻ (കഥാകൃത്ത്) തുടങ്ങിയവർ സംസാരിച്ചു. പ്രസിഡൻറ് സജീവൻ സ്വാഗതവും പ്രോഗ്രാം കൺവീനറും സാംസ്കാരിക വിഭാഗം ജോയിൻറ് കൺവീനറുമായ ശ്രീരാജ് നന്ദിയും പറഞ്ഞു.
നജ്റാൻ മലയാളി അസോസിയേഷൻ നടത്തുന്ന ഓണം, പൊന്നോണം പരിപാടിയുടെ ലോഗോ വനിത വിഭാഗം പ്രസിഡൻറ് ജിനു ബേബി, പ്രതിഭ ജോയിൻറ് സെക്രട്ടറി സുകുമാരൻ കുന്നംകുളത്തിന് നൽകി പ്രകാശനം ചെയ്തു. കുവൈത്തിൽ ജീവൻ പൊലിഞ്ഞ പ്രവാസികൾക്ക് അനുശോചനം അർപ്പിച്ച് തുടങ്ങിയ സ്റ്റേജ് ഷോ അവതാരകരായ കുടുംബവേദി കൺവീനർ ഷിജിനും വനിതാ വിഭാഗം കൺവീനർമാരായ രമ്യ ശ്യാമും ജിനു മാത്യുവും ഏകോപിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.