ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് നടപടി; ബംഗ്ലാദേശ് സ്ഥിതി നീരീക്ഷിച്ച് കേന്ദ്രം

ബംഗ്ലാദേശിൽ കലാപത്തിലേക്ക് മാറിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം നിരീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പ്രക്ഷോഭത്തിൽ ഇതുവരെ 32 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം.

അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ളാദേശിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ബംഗ്ലാദേശിലുള്ള 8500 ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ എംബസി നടപടി സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

ബംഗ്ളാദേശിൻ്റെ രൂപീകരണത്തിലേക്ക് നയിച്ച 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബാംഗങ്ങൾക്ക് സര്‍ക്കാര്‍ ജോലികളിൽ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ ധാക്ക സര്‍വകലാശാലയിൽ തുടങ്ങിയ പ്രക്ഷോഭമാണ് നിയന്ത്രണാതീതമായത്. വിദ്യാര്‍ത്ഥികളുടെ ആദ്യത്തെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനായിരുന്നു പൊലീസിൻ്റെ ശ്രമം.

അന്ന് നടന്ന സംഘര്‍ഷത്തിൽ നൂറിലേറെ വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റതോടെ പ്രക്ഷോഭം മറ്റ് സര്‍വകലാശാലകളിലേക്കും വ്യാപിച്ചു. സംവരണം പിൻവലിക്കണമെന്നാണ് യുവാക്കളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *