കോട്ടയത്ത് ചാഴികാടൻ തോറ്റപ്പോൾ പോത്തും പിടിയും വിളമ്പി; കൗൺസിലറെ അയോഗ്യനാക്കാൻ നടപടി തുടങ്ങി മാണി ഗ്രൂപ്പ്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ യുഡിഎഫ് വിജയം പിടിയും പോത്തും വിളമ്പി ആഘോഷിച്ച കൗൺസിലറെ അയോഗ്യനാക്കാൻ നടപടി തുടങ്ങി മാണി ഗ്രൂപ്പ്. പിറവത്തെ സ്വന്തം പാർട്ടിക്കാരനായ കൗൺസിലർ ജിൽസ് പെരിയപ്പുറത്തിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടാണ് മാണി ഗ്രൂപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. മാണി ഗ്രൂപ്പ് ജില്ലാ പ്രസിഡൻറിൻറെ പരാതിയിൽ തെരഞ്ഞടുപ്പ് കമ്മീഷൻ ജിൽസിന് നോട്ടീസ് അയച്ചു.

കോട്ടയത്ത് ചാഴികാടൻ തോറ്റപ്പോൾ പിറവത്ത് പോത്തും പിടിയും വിളമ്പിയാണ് ഇടത് കൗൺസിലർ ജിൽസ് ആഘോഷം നടത്തിയത്. രണ്ടില ചിഹ്നത്തിൽ ജയിച്ച് കൗൺസിലറായ ശേഷം പൊതുതിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടി സ്ഥാനാർഥിക്കെതിരായ ജിൽസിൻറെ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു മാണി ഗ്രൂപ്പ്. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് പാർട്ടിക്കിട്ട് പണിഞ്ഞ ജിൽസിന് തിരിച്ചൊരു പണി കൊടുക്കാനുളള മാണി ഗ്രൂപ്പിൻറെ തീരുമാനം. ജിൽസിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് മാണി ഗ്രൂപ്പ് ജില്ലാ പ്രസിഡൻറ് ടോമി ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

മാണി ഗ്രൂപ്പിൻറെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചാൽ പിറവം നഗരസഭയിലെ ഇടതുമുന്നണി ഭരണം തന്നെ താഴെ പോകാനും സാധ്യതയുണ്ട്. എന്നാൽ പോത്തും പിടിയും വിളമ്പിയവൻ ഇനി പാർട്ടിയിൽ വേണ്ടെന്ന തീരുമാനത്തിലാണ് മാണി ഗ്രൂപ്പ്.

Leave a Reply

Your email address will not be published. Required fields are marked *