അന്യസംസ്ഥാന തൊഴിലാളിക്ക് നായയെ പാർപ്പിച്ചിരുന്ന പഴയ കൂട് വാടകയ്ക്ക് നൽകിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. സംഭവത്തിൽ ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മിഷണർക്ക് നിർദ്ദേശം നൽകി. കെട്ടിടനിർമ്മാണ തൊഴിലാളിയായ പശ്ചിമബംഗാൾ സ്വദേശി ശ്യാം സുന്ദറാണ് മൂന്നു മാസമായി പട്ടിക്കൂട്ടിൽ കഴിഞ്ഞിരുന്നത്. പിറവം പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന കൂരയിൽ ജോയി 500 രൂപയ്ക്ക് പട്ടിക്കൂട് വാടകയ്ക്ക് നൽകിയെന്ന് നാട്ടുകാർ അധികൃതരെ അറിയിക്കുകയായിരുന്നു.
പൊലീസ് ശ്യാമിനെയും ജോയിയെയും സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് പട്ടിക്കൂട്ടിൽ താമസിക്കുന്നതെന്ന് ശ്യാം മൊഴി നൽകിയതിനാൽ ജോയിയെ കേസെടുക്കാതെ വിട്ടയച്ചു. അഞ്ച് വർഷമായി പിറവത്ത് വിവിധയിടങ്ങളിൽ വാടകയ്ക്ക് കഴിയുകയായിരുന്നു ശ്യാം സുന്ദർ. സാമ്പത്തികമായി ബുദ്ധിമുട്ടിലായതോടെ വലിയ വാടക നൽകി താമസിക്കാൻ നിവൃത്തിയുണ്ടായിരുന്നില്ല. തുടർന്ന് സുഹൃത്തുവഴി ജോയിയുടെ പട്ടിക്കൂട് വാടകയ്ക്ക് ചോദിക്കുകയായിരുന്നു. കൂടിന്റെ ഗ്രില്ലുകൾ കാർഡ്ബോർഡുകൊണ്ട് മറച്ചാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഭക്ഷണം പാകം ചെയ്തിരുന്നതും ഇതിൽത്തന്നെ. ആശാവർക്കർമാരും ഹരിത കർമ്മ സേനാംഗങ്ങളും പിറവത്തെ ഓരോ വീടുകളിലും പോകാറുണ്ടെങ്കിലും പട്ടിക്കൂട്ടിൽ അന്യ സംസ്ഥാനത്തൊഴിലാളി താമസിക്കുന്ന വിവരം അറിഞ്ഞില്ലെന്ന് നഗരസഭ ചെയർപേഴ്സൺ ജൂലി സാബു അറിയിച്ചു.
വിവരമറിഞ്ഞ് പിറവം എം.എൽ.എ അനൂപ് ജേക്കബ് സ്ഥലത്ത് എത്തിയിരുന്നു. നഗരസഭാ അധികൃതരെത്തി അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്തിന്റെ വാടക വീട്ടിലേക്ക് മാറ്റി.