രാജ്യത്തെ സാമ്പത്തിക നില ശക്തമെന്ന 2023-24 വര്‍ഷത്തെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് തള്ളി കോൺഗ്രസ്. സാമ്പത്തിക സര്‍വെ കള്ളം ആണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. പണപ്പെരുപ്പം കുറഞ്ഞുവെന്നാണ് സര്‍വെ പറയുന്നത്. എന്നാൽ, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. സമ്പൂര്‍ണ ദാരിദ്ര്യം തുടച്ചുനീക്കിയെന്ന പരാമര്‍ശം തെറ്റാണ്. ഇന്ത്യയിലെ പകുതിപേര്‍ക്കും മൂന്നുനേരം ഭക്ഷണം കഴിക്കാന്‍ വകയില്ല എന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു.
സാമ്പത്തിക സർവ്വെ റിപ്പോർട്ട് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്നാണ് ലോക്സഭയിൽ വച്ചത്. ആഗോള തലത്തിലെ വെല്ലുവിളികൾ നേരിടാൻ രാജ്യത്തിൻ്റെ സാമ്പത്തിക രംഗം ശക്തമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2020നെക്കാൾ 20 ശതമാനം വളർച്ച 2024ൽ കൈവരിച്ചു. വിലക്കയറ്റം നിയന്ത്രണ വിധേയമാണ്. കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പണപ്പെരുപ്പമെന്നും റിപ്പോർട്ടിൽ പറയുന്നു.