മോഷ്ടിക്കാനായി കയറിയ കള്ളൻ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി; പോലീസ് എത്തി വിളിച്ചുണർത്തി അറസ്റ്റ് ചെയ്തു

മദ്യപിച്ച്‌ മോഷ്ടിക്കാനായി കയറിയ കള്ളൻ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി. മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യനെ വീട്ടുടമയും പൊലീസും ചേർന്ന് പിടികൂടി.

കോയമ്പത്തൂർ കാട്ടൂർ രാംനഗറിലെ നെഹ്‌റു സ്ട്രീറ്റിലുള്ള രാജന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞദിവസം പകല്‍ രാജൻ വീട് പൂട്ടി ഭാര്യാവീട്ടിലേക്കുപോയ സമയത്താണ് ബാലസുബ്രഹ്മണ്യൻ മോഷ്ടിക്കാനെത്തിയത്. മദ്യപിച്ചെത്തിയ ബാലസുബ്രഹ്മണ്യൻ വീട് കുത്തിത്തുറന്ന് അകത്തുകടന്ന് പണവും സ്വർണവും തേടുന്നതിനിടെ അവശത അനുഭവപ്പെട്ടു. തുടർന്ന് കിടപ്പുമുറിയില്‍ കിടന്നുറങ്ങി.

മണിക്കൂറുകള്‍ക്ക് ശേഷം രാജൻ തിരിച്ചെത്തിയപ്പോള്‍ വീട് തുറന്നുകിടക്കുന്നതു കണ്ടു. സുഹൃത്തിനെ വിളിച്ചുവരുത്തി വീടിനകത്ത് പരിശോധിച്ചപ്പോള്‍ ഒരാള്‍ ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടൻ കാട്ടൂർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി മോഷ്ടാവിനെ വിളിച്ചുണർത്തി കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *