നിലവില്‍ സ്ഥിരീകരിച്ച സ്ഥലത്ത് ലോറിയുടെ ക്യാബിനില്‍ അര്‍ജുന്‍ ഉണ്ടാകാം: റിട്ട. മേജര്‍ ജനറല്‍

അപകടം നടക്കുമ്പോള്‍ ലോറിയില്‍ ഉണ്ടായിരുന്നെങ്കില്‍ നിലവില്‍ സ്ഥിരീകരിച്ച സ്ഥലത്ത് ലോറിയുടെ ക്യാബിനില്‍ അര്‍ജുന്‍ ഉണ്ടാവാമെന്ന് ഡ്രോണ്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ റിട്ടയേഡ് മേജര്‍ ജനറല്‍ എം. ഇന്ദ്രബാലന്‍. വലിയ കല്ല് വന്നുവീണ് ലോറിയുടെ ചില്ല് തകര്‍ന്നുപോവാന്‍ സാധ്യത കുറവാണ്. അനുഭവത്തില്‍നിന്നും മനസിലാക്കിയ കാര്യങ്ങളില്‍നിന്നുമാണ് പറയുന്നതെന്നും അദ്ദേഹം അടിവരയിട്ടു.

അര്‍ജുനെ കണ്ടെത്തുകയെന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രഥമപരിഗണന. അതിനുവേണ്ടി പരിമിതികള്‍ക്കുള്ളില്‍നിന്ന് തങ്ങള്‍ക്ക് കഴിയുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ടെന്ന് ഡ്രോണ്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം പറഞ്ഞു. കരയില്‍നിന്ന് 132 മീറ്റര്‍ ദൂരത്തില്‍ പുഴയില്‍ സി.പി. നാല് എന്ന് രേഖപ്പെടുത്തിയ സ്ഥലത്താണ് ട്രക്ക് ഉണ്ടാവാന്‍ കൂടുതല്‍ സാധ്യതയെന്നും എം. ഇന്ദ്രബാലന്‍ പറഞ്ഞു.

മനുഷ്യ ശരീരം കണ്ടെത്താനുള്ള ഡേറ്റാബേസ് ഇതുവരെ ഐബോഡിനില്ല. അതുകൊണ്ടാണ് തെര്‍മല്‍ സ്‌കാനര്‍ കൊണ്ടുവന്നത്. എന്നാല്‍, അതിന് വലിയ മേഖലയില്‍ സ്‌കാന്‍ചെയ്യാന്‍ കഴിയില്ല. എവിടെയാണോ സംശയം, അവിടെ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. വെള്ളത്തിലൂടെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ്. സി.പി. നാലില്‍നിന്ന് ഹീറ്റ് സിഗ്നല്‍ ലഭിക്കാത്തതിനാലാണ് മനുഷ്യശരീരം കണ്ടെത്താന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *