വെള്ളക്കെട്ടില്‍ കുടുങ്ങി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം; സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്‍ററിന്‍റെ ബേസ്മെന്‍റിൽ ലൈബ്രറി നിര്‍മിച്ചത് അനധികൃതമായി: ഉടമ അറസ്റ്റിൽ

ഡൽഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്‍ററിലെ ബേസ്മെന്‍റിലെ വെള്ളക്കെട്ടില്‍ കുടുങ്ങി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തു. റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഉടമ ഉള്‍പ്പെടെ രണ്ടുപേരുടെ അറസ്റ്റാണ് ഡൽഹി പൊലീസ് രേഖപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഒരാഴ്ചത്തേക്ക് അടച്ചു. ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കി. ലൈസന്‍സ് പ്രകാരം ബേസ്മെന്‍റില്‍ പാര്‍ക്കിങിനാണ് അനുമതിയുള്ളത്.

എന്നാല്‍, പാര്‍ക്കിങിനുള്ള ബേസ്മെന്‍റില്‍ അനധികൃതമായാണ് ലൈബ്രറി നിര്‍മിച്ചതെന്നും കണ്ടെത്തി. ഉടമയ്ക്ക് പുറമെ കോച്ചിംഗ് സെന്‍റര്‍ കോര്‍ഡിനേറ്ററാണ് അറസ്റ്റിലായത്.സംഭവത്തെ തുടര്‍ന്ന് ഡൽഹിയിലെ എല്ലാ കോച്ചിംഗ് സെന്‍ററുകളിലും പരിശോധനയ്ക്ക് ഡൽഹി മേയര്‍ നിര്‍ദേശം നല്‍കി. ഡൽഹിയിൽ കോച്ചിംഗ് സെൻററിൽ വെള്ളം കയറി മൂന്നു പേർ മരിച്ചത് ദൗർഭാഗ്യകരമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

അടിസ്ഥാന സൗകര്യവികസനത്തിൽ വൻ വീഴ്ചയുണ്ടാകുന്നു എന്നും രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു. അതേസമയം, സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. സ്ഥലത്ത് കേന്ദ്ര സേനയെ വിന്യസിച്ചു. ടിയര്‍ ഗ്യാസ് പ്രയോഗിക്കാനുള്ള വാഹനങ്ങളും എത്തിച്ചു. മരിച്ചവരുടെ വിവരങ്ങള്‍ പൊലീസ് കൈമാറാൻ തയ്യാറാകുന്നില്ലെന്ന് ഡൽഹി മലയാളി അസോസിയേഷൻ പ്രതിനിധി ടോണി പറഞ്ഞു. 

ഡൽഹിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ എറണാകുളം സ്വദേശി നെവിൻ ഉള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്. ഇന്നലെ രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്മെൻ്റിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീൻ്റെ മൃതദേഹം കണ്ടെത്തിയത്. നെവിന് പുറമെ രണ്ട് വിദ്യാര്‍ത്ഥിനികളും മരിച്ചിരുന്നു. ഇവരിൽ ഒരാൾ തെലങ്കാന സ്വദേശിയും മറ്റൊരാൾ ഉത്തര്‍പ്രദേശ് സ്വദേശിയുമായിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.

അപകടസമയത്ത് 40 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്മെന്റിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്മെന്റിൽ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്സും എൻഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിച്ചിരുന്നു. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം 2 വിദ്യാര്‍ത്ഥിനികളുടെയും രാത്രി വൈകിയാണ് നവീൻ്റെ മൃതദേഹവും കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ ഡൽഹി മുനിസിപ്പൽ കോര്‍പറേഷനെതിരെ വിദ്യാര്‍ത്ഥികൾ പ്രതിഷേധവുമായി രംഗത്ത് വരുകയായിരുന്നു. ഇവര്‍ മാര്‍ച്ച് നടത്താൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. ഡൽഹി സര്‍ക്കാരിനും മുനിസിപ്പൽ കോര്‍പറേഷനുമെതിരെ നിശിത വിമര്‍ശനം ഉന്നയിച്ച സ്വാതി മലിവാൾ എംപിയും സ്ഥലത്തെത്തി. ഇവര്‍ വിദ്യാര്‍ത്ഥികൾക്കൊപ്പം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവരെയടക്കം പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് ശ്രമിച്ചത് ഉന്തിനും തള്ളിനും കാരണമായി.

വിദ്യാർത്ഥികളുമായി പൊലീസ് ചർച്ച നടത്തുകയാണ്. ദുരന്തത്തിന് കാരണം മുനിസിപ്പൽ കോര്‍പറേഷൻ്റെ അനാസ്ഥയാണെന്നാണ് വിദ്യാര്‍ത്ഥികൾ ആരോപിക്കുന്നത്. ഓടകൾ വൃത്തിയാക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് റാവുസ് സ്റ്റഡി സർക്കിളിലെ വിദ്യാർത്ഥി ആദിത്യൻ കുറ്റപ്പെടുത്തി. കഴിഞ്ഞ ആഴ്ച ഒരു വിദ്യാർത്ഥി റോഡിൽ കിടന്ന ലൈൻ കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ചിരുന്നു. അപ്പോഴും പരാതി അറിയിച്ചിരുന്നുവെന്നും ആദിത്യൻ പറഞ്ഞു.

ജെഎന്‍യുവില്‍ ആര്‍ക്കിയോളജിയില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്ന നെവിൻ.അച്ഛൻ ഡൽവിൻ സുരേഷ് റിട്ടയേർഡ് പൊലീസ് സൂപ്രണ്ടാണ്. ലാന്‍സ്ലെ്റ് ഡാല്‍വിൻ ആണ് അമ്മ. കാലടി സംസ്കൃത സർവകലാശാലയിലെ ജോഗ്രഫി അധ്യാപികയാണ് നെവിന്‍റെ അമ്മ. ഗവേഷണത്തോടൊപ്പം സിവിൽ സർവീസ് പരിശീലനവും നെവിൻ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *