ബെഡ്‌റൂമില്‍ ഒതുങ്ങേണ്ട ലൈംഗികത സ്റ്റേജില്‍ എന്തിന്?; ഒളിംപിക്‌സിലെ സ്‌കിറ്റിനെ വിമര്‍ശിച്ച് കങ്കണ

ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങളില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് സമാനമായ രീതിയില്‍ നടത്തിയ പാരഡി സ്‌കിറ്റിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി എംപി കങ്കണ റണാവത്ത്. ക്രിസ്തുവിനെ നഗ്നനായി ചിത്രീകരിച്ചതും ബെഡ്‌റൂമില്‍ ഒതുങ്ങേണ്ടത് സ്റ്റേജില്‍ കാണിച്ചതും നാണക്കേടാണെന്നുമായിരുന്നു എംപിയുടെ പ്രതികരണം.

ഇന്‍സ്റ്റഗ്രാമില്‍ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കങ്കണ പ്രതികരിച്ചത്. ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ സ്വവര്‍ഗാനുരാഗികളെയാണ് പരിപാടികളില്‍ കാണിച്ചത്.

ഒളിംപിക്‌സ് വേദിയില്‍ അവതരിപ്പിച്ച സ്‌കിറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ നിരവധി പേരാണ് വിമര്‍ശനം ഉന്നയിച്ച് എത്തിയത്. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ അന്ത്യ അത്താഴം പെയിന്റിങില്‍ യേശുക്രിസ്തുവും 12 ശിഷ്യന്‍മാരും ഇരിക്കുന്നതുപോലെയായിരുന്നു കലാകാരന്‍മാരുടെ പ്രകടനവും. നടുക്ക് ഒരു സ്ത്രീയാണ് ഉണ്ടായിരുന്നത്. നീല നിറത്തില്‍ ചായമിട്ട് പൂക്കളും പഴങ്ങളും കൊണ്ട് മാത്രം അല്‍പ്പമായി വസ്ത്രം ധരിച്ച ഒരാളുടെ പ്രകടനത്തിനെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു.

സ്വവര്‍ഗാനുരാഗത്തിന് എതിരൊന്നുമല്ല. എങ്കിലും ഒളിംപിക്‌സില്‍ അങ്ങനെയൊന്നിന്റെ ആവശ്യം എന്താണ്. എന്തുകൊണ്ടാണ് ലൈംഗികതയെ ബെഡ്‌റൂമില്‍ മാത്രം നിലനിര്‍ത്താന്‍ നമുക്ക് കഴിയാത്തതെന്നുമാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *