ശൈഖ് സായിദ് റോഡിൽ നിന്ന് മാൾ ഓഫ് എമിറേറ്റ്സിലേക്ക് 300 മീറ്റർ നീളത്തിലുള്ള ഒറ്റവരി പാലം ഉൾപ്പെടെ പരിസരത്തെ റോഡ് വികസനത്തിന് കരാർ നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). മാൾ ഓഫ് എമിറേറ്റ്സിന് പരിസരത്തെ കാൽനട, സൈക്ലിങ് പാതകളുടെ നവീകരണം എന്നിവ ഉൾപ്പെടെ 16.5 കോടി ദിർഹമിന്റെ വമ്പൻ റോഡ് വികസന പദ്ധതിക്കാണ് ആർ.ടി.എ കരാർ നൽകിയിരിക്കുന്നത്. അബൂദബി, ജബൽ അലി എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് മാൾ ഓഫ് എമിറേറ്റ്സിന്റെ പാർക്കിങ് മേഖലയിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകുന്ന രീതിയിലാണ് പുതിയ പാലത്തിന്റെ നിർമാണമെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
ഈ ഭാഗത്തെ റോഡ് വീതികൂട്ടൽ പൂർത്തിയാവുന്നതോടെ ഉമ്മുസുഖൈം സ്ട്രീറ്റിൽ നിന്ന് മാൾ ഓഫ് എമിറേറ്റ്സിന്റെ പാർക്കിങ് ലോട്ടുകളിലേക്ക് നയിക്കുന്ന നിലവിലെ പാലത്തിലൂടെയുള്ള ഗതാഗതം കൂടുതൽ സുഖമമാകും. കൂടാതെ, മാളിന് ചുറ്റുമുള്ള 2.5 കിലോമീറ്റർ നീളമുള്ള റോഡിന്റെ ഉപരിതല വികസനം, ട്രാഫിക് സിഗ്നലുകളോടുകൂടിയ മൂന്ന് ജങ്ഷനുകളുടെ വികസനം, മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനിലെ ബസ് സ്റ്റേഷന്റെ നവീകരണം, കെംപിൻസ്കി ഹോട്ടലിന് സമീപത്തുള്ള നഗരത്തിലെ റോഡ് ഒറ്റവരിയിൽ രണ്ട് വരിയാക്കി മാറ്റുക, പുതിയ ഫുട്പാത്തുകൾ, സൈക്ലിങ് പാത്തുകളുടെ നിർമാണം എന്നിവയും വികസന പദ്ധതിയിൽ ഉൾപ്പെടും. അതോടൊപ്പം സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, നടപ്പാതകൾ നിർമിക്കൽ, ട്രാഫിക് സിഗ്നലുകൾ, മഴവെള്ള ഡ്രൈനേജ് സംവിധാനം, സൗന്ദര്യവത്കരണം തുടങ്ങിയ പ്രവൃത്തികളും വികസനത്തിന്റെ ഭാഗമായി നടത്തും. ശൈഖ് സായിദ് റോഡിൽ പുതിയ പാലം വരുന്നതോടെ അബൂദബി, ജബൽ അലി ഭാഗങ്ങളിൽ നിന്ന് മാൾ ഓഫ് എമിറേറ്റ്സിലേക്കുള്ള യാത്ര സമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും. ഉമ്മു സുഖൈമിൽ നിന്ന് വരുന്നവരുടെ യാത്ര സമയം 15 മിനിറ്റിൽ നിന്ന് എട്ട് മിനിറ്റായും കുറയും. ഇതുവഴി മാളിന് ചുറ്റുമുള്ള റോഡ് ഗതാഗതം കാര്യക്ഷമവും മെച്ചപ്പെട്ടതുമാകുമെന്നും മതാർ അൽ തായർ വിശദീകരിച്ചു. ദുബൈ നഗരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ മാൾ ഓഫ് എമിറേറ്റ്സ് നിർമിച്ചത് 2005ൽ ആണ്.
ഏറ്റവും തിരക്കേറിയ മാളിൽ പ്രതിവർഷം നാലു കോടി സന്ദർശകരെത്തുന്നുവെന്നാണ് കണക്ക്. പ്രമുഖ ബ്രാൻഡുകളുടേത് ഉൾപ്പെടെ 454 ഷോപ്പുകൾ, 96 റസ്റ്റാറന്റുകൾ, കഫേകൾ, സ്കൈ ദുബൈ ഉൾപ്പെടെ വ്യത്യസ്തങ്ങളായ മറ്റ് വിനോദ കേന്ദ്രങ്ങൾക്കുള്ള വേദികൾ, മിഡിലീസ്റ്റിലെ ഏറ്റവും വലിയ വോക്സ് സിനിമ തിയറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് മാൾ ഓഫ് എമിറേറ്റ്സ്. കെംപൻസ്കി ഹോട്ടൽ മാൾ ഓഫ് എമിറേറ്റ്സ്, ഷെറാട്ടൻ മാൾ ഓഫ് എമിറേറ്റ്സ് ഹോട്ടൽ, നോവോട്ടൽ സ്യൂട്ട്സ് മാൾ അവന്യൂ തുടങ്ങിയ ഫൈവ് സ്റ്റാർ ഹോട്ടലുകളും മാളിലുണ്ട്. മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനുമായി എമിറേറ്റ്സ് മാളിനെ നേരിട്ട് ബന്ധിപ്പിക്കുന്നതിന് പ്രത്യേക കൽനട പാലവും നിർമിച്ചിട്ടുണ്ട്.