കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾക്കായി റേഷൻ കാര്‍ഡ് പരിശോധന

മുണ്ടക്കൈ പ്രകൃതി ദുരന്തത്തില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കുന്നു. മേപ്പാടിയിലെ 44, 46 നമ്പര്‍ റേഷന്‍ കടയിലുള്‍പ്പെട്ട മുഴുവന്‍ പേരുടെയും വിവരങ്ങള്‍ പഞ്ചായത്ത്, താലൂക്ക്, തദ്ദേശസ്വയം ഭരണ വകുപ്പുകള്‍ക്ക് കൈമാറിയതായി വയനാട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പരിശോധന പൂര്‍ത്തിയാകുന്ന പക്ഷം ഉടമയുടെ പേര്, കാര്‍ഡിൽ ഉള്‍പ്പെട്ടിട്ടുള്ളവർ, വീട്ടുപേര്, ആധാര്‍ നമ്പറുകള്‍ ഫോണ്‍ നമ്പറുകള്‍ അടങ്ങിയ വിവരങ്ങള്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സപ്ലൈ ഓഫീസ് മുഖേന റേഷന്‍ കാര്‍ഡ് പകര്‍പ്പിന്റെ പ്രിന്റ് എടുത്ത് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, പ്രകൃതിക്ഷോഭത്തില്‍ ആളുകള്‍ക്ക് നഷ്ടപ്പെട്ട ഗ്യാസ് സിലിണ്ടര്‍, റെഗുലേറ്റര്‍, പാസ്‍ബുക്ക് എന്നിവ ലഭ്യമാക്കുന്നതിന് ചെറിയതോട്ടം, കബനി, കണിയാമ്പറ്റ ഗ്രാമീണ്‍ ഇന്‍ഡോര്‍, കൊക്കരാമൂച്ചിക്കല്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് അധികൃതർ നിര്‍ദ്ദേശം നല്‍കി. ഓഗസ്റ്റ് മാസത്തെ വിതരണത്തിനുള്ള റേഷന്‍ സാധനങ്ങള്‍ ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ലഭ്യമാക്കിയിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *