‘വയനാട് ദുരന്തത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന’; അമിത്ഷാക്കെതിരെ അവകാശലംഘനത്തിന് രാജ്യസഭയിൽ പരാതി

വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനത്തിൽ അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് രാജ്യസഭയിൽ പരാതി. സന്തോഷ് കുമാർ എം പി യാണ് പരാതി നൽകിയത്. കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി. ഉരുൾപൊട്ടലുണ്ടാകും എന്ന മുന്നറിയിപ്പ് ഇല്ലായിരുന്നു എന്ന് പല മാധ്യമങ്ങളും വസ്തുതകൾ നിരത്തി വ്യക്തമാക്കിയിട്ടുണ്ട് എന്ന് നോട്ടീസിൽ പറയുന്നു. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും ഇതിൽ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജയറാം രമേശ്, ദ്വിഗ് വിജയ് സിംഗ്, പ്രമോദ് തിവാരി തുടങ്ങിയ കോൺഗ്രസ് അംഗങ്ങളും നോട്ടീസ് നല്കിയിട്ടുണ്ട്. കേരളത്തിന് മൂന്ന് തവണ ദുരന്ത മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്‌സഭയിലും രാജ്യസഭയിലും വ്യക്തമാക്കിയത്. കഴിഞ്ഞ 18, 23, 25 തീയതികളിൽ. 26ന് 20 സെൻറിമീറ്ററിലധികം മഴ പെയ്യുമെന്നും , ശക്തമായ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു. മണ്ണിടിച്ചിൽ സാധ്യത കണ്ട് തൻറെ നിർദ്ദേശപ്രകാരമാണ് എൻഡിആർഎഫിൻറെ 9 സംഘത്തെ അവിടേക്ക് അയച്ചതെന്നും കേരളം എന്ത് ചെയ്‌തെന്നും അമിത് ഷാ ചോദിച്ചു.ദുരന്തമേഖലയിൽ ഓറഞ്ച് അലേർട്ടാണ് കേന്ദ്രം നൽകിയിരുന്നതെന്നും അപകമുണ്ടായ ശേഷമാണ് റെഡ് അലേർട്ട് വന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *