ഒളിംപിക്‌സ് ഹോക്കി സെമിയിൽ ഇന്ത്യ ജർമനിയോടു തോറ്റു; ഇനി വെങ്കല മെഡൽ പോരാട്ടം

ഒളിംപിക്‌സിൽ ആവേശകരമായ സെമി പോരാട്ടത്തിൽ അവസാന നിമിഷം വരെ പൊരുതിയെങ്കിലും രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്ത്യൻ ഹോക്കി ടീം ജർമനിക്കു മുന്നിൽ തോറ്റു. ഗോൺസാലോ പെയ്‌ലറ്റ് (18, 57), ക്രിസ്റ്റഫർ റൂർ (27) എന്നിവരാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്. ഇന്ത്യയുടെ ഗോളുകൾ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് (ഏഴാം മിനിറ്റ്), സുഖ്ജീത് സിങ് (36-ാം മിനിറ്റ്) എന്നിവർ നേടി. സ്വർണ മെഡലിനായുള്ള പോരാട്ടത്തിൽ നെതർലൻഡ്‌സാണ് ജർമനിയുടെ എതിരാളികൾ. വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യ വ്യാഴാഴ്ച വൈകിട്ട് 5.30ന് സ്‌പെയിനെ നേരിടും.

ഒളിംപിക്‌സ് ഹോക്കിയിൽ എട്ട് സ്വർണവും, ഒരു വെള്ളിയും മൂന്നു വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബ്രിട്ടനെ ഷൂട്ടൗട്ടിൽ 4-2ന് തോൽപിച്ചായിരുന്നു ഇന്ത്യ സെമിയിലേക്കു കുതിച്ചത്. 40 മിനിറ്റോളം 10 പേരുമായി കളിച്ചാണ് ഇന്ത്യ ക്വാർട്ടർ മത്സരം പിടിച്ചെടുത്തത്. ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേതാക്കളാണ് ഇന്ത്യ. 1980 ലെ മോസ്‌കോ ഒളിംപിക്‌സിലാണ് ഇന്ത്യ അവസാനമായി ഫൈനൽ കളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *