തിരുവനന്തപുരത്ത് യുവതിയെ വനിതാ ഡോക്ടർ വെടിവെച്ച കേസ്: മുറിയിൽനിന്ന് തോക്ക് കണ്ടെടുത്തു

യുവതിയെ തിരുവനന്തപുരത്തെ വീട്ടിലെത്തി വെടിവെച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടറെ ചൊവ്വാഴ്ച പാരിപ്പള്ളിയിലെ മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിലെത്തിച്ച് തെളിവെടുത്തു. വെടിവെക്കാൻ ഡോക്ടർ ഉപയോഗിച്ച എയർ പിസ്റ്റൾ മുറിയിൽനിന്നു കണ്ടെടുത്തു. അഞ്ചാംനിലയിലെ ടി-2 (രണ്ടാം ടവർ) 502-ാം നമ്പർ മുറിയിൽ 11 മണിയോടെ തുടങ്ങിയ തെളിവെടുപ്പ് ഉച്ചയ്ക്ക് ഒരുമണിവരെ നീണ്ടു.

ഓൺലൈനിൽ വാങ്ങിപ്പോൾ ലഭിച്ച ചെറിയ പെട്ടിയിലായിരുന്നു തൊണ്ടിമുതലായ എയർ പിസ്റ്റൾ സൂക്ഷിച്ചിരുന്നത്. ഒപ്പം കുറച്ച് തിരകളും ഉണ്ടായിരുന്നു. തിരകൾ ലോഡുചെയ്ത് ഉപയോഗിക്കാൻ തയ്യാറെടുത്ത രീതിയും ഡോക്ടർ പോലീസിന് കാണിച്ചുകൊടുത്തു. വിശദമായ മൊഴിയും രേഖപ്പെടുത്തി.

വഞ്ചിയൂർ ഇൻസ്‌പെക്ടർ എച്ച്.എസ്.ഷാനിഫിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കൊല്ലത്തുനിന്നുള്ള വിരലടയാളവിദഗ്ധരുടെ സംഘവും ഉണ്ടായിരുന്നു. ഡോക്ടർക്ക് കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചുനൽകിയ എറണാകുളത്തെ സ്ഥാപനത്തിൽ പോലീസ് ബുധനാഴ്ച തെളിവെടുക്കും.

ജൂലായ് 28-ന് രാവിലെ എട്ടേകാലോടെയാണ് തിരുവനന്തപുരം പടിഞ്ഞാറേകോട്ട ചെമ്പകശ്ശേരി ആർ.എ.-125 ബി വീട്ടിലെത്തിയ ഡോക്ടർ, കൂറിയർ നൽകാനെന്ന വ്യാജേന ഷിനിയെ അടുത്തേക്ക് വിളിച്ചുവരുത്തി വെടിവെച്ചത്. ആദ്യ രണ്ടുശ്രമങ്ങളും ഉന്നംതെറ്റി ഭിത്തിയിൽ കൊണ്ടു. മൂന്നാംശ്രമത്തെ ഷിനി കൈകൊണ്ട് തടഞ്ഞപ്പോൾ വലത് കൈപ്പത്തിയിൽ പെല്ലറ്റ് (തോക്കിലെ തിര)കൊണ്ട് മുറിവേറ്റു. മുഖംമറയ്ക്കുകയും വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നതിനാൽ ആദ്യം അജ്ഞാത സ്ത്രീ കാറിലെത്തി വെടിവെച്ചശേഷം കടന്നെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങളിൽ കാറിന്റെ ചിത്രം തെളിഞ്ഞതും ഡിജിറ്റൽ തെളിവുകളോടെ പോലീസ് അന്വേഷണം ശക്തമാക്കിയതും ദിവസങ്ങൾക്കകം ഡോക്ടറുടെ അറസ്റ്റിലേക്ക് നയിക്കുകയായിരുന്നു.

ഷിനിയുടെ ഭർത്താവ് സുജീത്ത് മാലിയിലാണ് ജോലിചെയ്യുന്നത്. മുമ്പ് കൊല്ലത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശരോഗവിദഗ്ധയായി ജോലിചെയ്യുമ്പോൾ സുജീത്ത് അവിടെ പി.ആർ.ഒ.ആയിരുന്നു. അന്ന് ഇരുവരും സൗഹൃദത്തിലായിരുന്നു. പിന്നീട് മാലിയിൽ പോയ സുജീത്തുമായുള്ള സൗഹൃദം തകർന്നതാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് അനുമാനം.

Leave a Reply

Your email address will not be published. Required fields are marked *