ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായവരുടെ ആദ്യ കരട് പട്ടികയിൽ 138 പേർ

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ പട്ടിക തയ്യാറാക്കിയത്.

ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ചവരും ദുരന്തബാധിത പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരുമായ ആളുകളില്‍ ദുരന്തത്തിന് ശേഷം കാണാതായ 138 പേരെ ഉള്‍പ്പെടുത്തിയുള്ളതാണ് പട്ടിക. ദുരന്തബാധിത പ്രദേശങ്ങളിലെ റേഷന്‍ കാര്‍ഡ്, വോട്ടര്‍ പട്ടിക തുടങ്ങിയ രേഖകള്‍ ഇതിനായി പരിശോധിച്ചു.

ഗ്രാമപഞ്ചായത്ത്, ഐസിഡിഎസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ലേബര്‍ ഓഫീസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവയുടെ കൈവശമുള്ള ആധികാരിക രേഖകളുമായി ഒത്തുനോക്കിയ ശേഷമാണ് കാണാതായവരുടെ പട്ടിക തയ്യാറാക്കിയത്.

വോട്ടര്‍പട്ടികയിലെയും റേഷന്‍ കാര്‍ഡുകളിലെയും ആളുകളില്‍ നിന്ന് നിലവില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും ആശുപത്രികളിലും മറ്റും കഴിയുന്നവരുടെയും മരണം സ്ഥിരീകരിക്കപ്പെട്ടവരുടെയും പേരുകള്‍ നീക്കം ചെയ്ത ശേഷം കാണാതായവരുടെ പട്ടിക തയ്യാറാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *