അച്ചടക്കലംഘനം നടത്തി; ഇന്ത്യൻ ഗുസ്തി താരം അന്തിം പംഗലിനെയും ഒപ്പമുള്ളവരെയും പാരീസിൽ നിന്ന് തിരിച്ചയച്ചു

അച്ചടക്കലംഘനം നടത്തിയതിനാൽ ഇന്ത്യൻ ഗുസ്തി താരം അന്തിം പംഗലിനെയും ഒപ്പമുള്ളവരെയും പാരീസിൽനിന്ന് തിരിച്ചയച്ചു. അക്രഡിറ്റേഷൻ കാർഡ് ദുരുപയോഗം ചെയ്‌തെന്ന് കാട്ടിയാണ് നടപടി. അനിയത്തിക്ക് തന്റെ ഔദ്യോഗിക അക്രഡിറ്റേഷൻ കാർഡ് കൈമാറിയതാണ് നടപടിക്ക് ഇടയാക്കിയത്. വനിതാ 53 കിലോഗ്രാം വിഭാഗം പ്രീക്വാർട്ടറിൽ അന്തിം പംഗൽ തുർക്കിയുടെ സൈനബ് യെറ്റാഗിലിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. 10-0 ന് ആയിരുന്നു തോൽവി.

ഗെയിംസ് വില്ലേജിൽ സൂക്ഷിച്ച തന്റെ സാധനങ്ങൾ എടുക്കുന്നതിനായി അനിയത്തിക്ക് തൻറെ അക്രഡിറ്റേഷൻ കാർഡ് കൈമാറുകയായിരുന്നു. ഇതുമായി അനിയത്തി ഗെയിംസ് വില്ലേജിൽ കടന്നു. പക്ഷേ, സാധനങ്ങളുമായി പുറത്തുകടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ പിടികൂടി. തുടർന്ന് ഇവരെ പോലീസിൽ ഏൽപ്പിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പിന്നാലെ അന്തിം സ്റ്റേഷനിൽ ഹാജരായതിനെ തുടർന്ന് ഇവരെ പിന്നീട് വിട്ടയച്ചു.

പ്രീക്വാർട്ടറിലേറ്റ തോൽവിക്കു പിന്നാലെ അന്തിം ഹോട്ടലിൽ പരിശീലകരായ ഭഗത് സിങ്ങിനും വികാസിനും അടുത്തെത്തി. ഇതിനിടെ അനിയത്തിയോട് സാധനങ്ങൾ ശേഖരിച്ചുവരാൻ പറഞ്ഞ് അക്രഡിറ്റേഷൻ കാർഡ് നൽകി വിട്ടു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥൻ ഇത് തിരിച്ചറിഞ്ഞ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫ്രഞ്ച് അധികൃതരിൽനിന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് നോട്ടീസ് ലഭിച്ചു. ഇതുപ്രകാരം അന്തിമിനോടും സപ്പോർട്ടിങ് സ്റ്റാഫിനോടും രാജ്യത്തുനിന്ന് പുറത്തുപോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമിന്റെ അക്രഡിറ്റേഷൻ റദ്ദാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *